ഓഖി: കാണാതായവരുടെ ആശ്രിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയില്‍ അര്‍ഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി ലഭിച്ചാല്‍ അന്വേഷിച്ച് ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ദുരന്തത്തില്‍ കാണാതാകുന്നവരെ മരിച്ചതായി കണക്കാക്കുന്നത് വേദനാജനകമാണെങ്കിലും ആ വേദന അതേ തീവ്രത ഉള്‍ക്കൊണ്ടാണ് ഓഖി ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.
ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 92 പേരുടെ ആശ്രിതര്‍ക്കുള്ള ധനസഹായവിതരണ ഉദ്ഘാടനം തിരുവനന്തപുരം വെട്ടുകാട് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാണാതായവര്‍ക്കുള്ള ധനസഹായത്തിന് ഏറെ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. എന്നാല്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറച്ചനിലപാടെടുക്കുകയും പല നടപടിക്രമങ്ങളും സാങ്കേതികത്വങ്ങളും മാറ്റിവയ്ക്കുകയും ചെയ്തു.
കാണാതായ മിക്കവരുടെയും കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണ്. അതിനാലാണ് സര്‍ക്കാര്‍ സാങ്കേതികതയുടെ തടസങ്ങളെല്ലാം ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളും ഒത്തൊരുമയോടെ ഇക്കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും ദുരന്തത്തില്‍പ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും നല്കുന്ന ഒറ്റത്തവണ സഹായംകൊണ്ട് പിന്മാറില്ലെന്നും സര്‍ക്കാര്‍ എന്നും അശരണര്‍ക്കും പാവങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."