പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്തത് 403 കോടിയുടെ വായ്പ
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 2017-18 സാമ്പത്തിക വര്‍ഷം 45,759 ഗുണഭോക്താക്കള്‍ക്കായി 403 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി മാനേജിങ് ഡയരക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ അറിയിച്ചു.
വായ്പാ വിതരണ ലക്ഷ്യമായി നിശ്ചയിച്ചിരുന്നത് 350 കോടി രൂപയാണെങ്കിലും 2016-17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 86 കോടി രൂപയുടെ വര്‍ധന കൈവരിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷം 450 കോടി രൂപയുടെ വായ്പ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
വ്യക്തിഗത സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ പ്രകാരം 6572 ഗുണഭോക്താക്കള്‍ക്ക് 135.07 കോടി രൂപയും മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം 101 കുടുംബശ്രീ സി.ഡി.എസുകളിലും 12 സന്നദ്ധ സംഘടനകളിലും ഉള്‍പ്പെട്ട 30605 ഗുണഭോക്താക്കള്‍ക്ക് 84.89 കോടി രൂപയും വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം 796 ഗുണഭോക്താക്കള്‍ക്ക് 31.64 കോടി രൂപയും വിവാഹ ധനസഹായ വായ്പാ പദ്ധതി പ്രകാരം 3352 ഗുണഭോക്താക്കള്‍ക്ക് 59.39 കോടി രൂപയും നല്‍കി.
സുവര്‍ണ്ണശ്രീ വായ്പ വായ്പാ പദ്ധതി പ്രകാരം 2196 ഗുണഭോക്താക്കള്‍ക്ക് 39.18 കോടി രൂപയും വ്യക്തിഗത വായ്പാ പദ്ധതി പ്രകാരം 2016 ഗുണഭോക്താക്കള്‍ക്ക് 47.80 കോടി രൂപയും മറ്റ് പദ്ധതികള്‍ പ്രകാരം 222 ഗുണഭോക്താക്കള്‍ക്ക് 4.89 കോടി രൂപയുമാണ് വിതരണം ചെയ്തത്.
വായ്പാ തിരിച്ചടവിലും മികച്ച പ്രകടനമാണ് കൈവരിച്ചത്. 313 കോടി രൂപ തിരിച്ചടവായി സമാഹരിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 49 കോടി രൂപയുടെ വര്‍ധന. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി കാലാവധി കഴിഞ്ഞ 2554 വായ്പകള്‍ തീര്‍പ്പാക്കി. കടാശ്വാസ പദ്ധതി പ്രകാരം 357 പേര്‍ക്ക് രണ്ടു കോടി രൂപയുടെ കടാശ്വാസം ലഭ്യമാക്കി. നിഷ്‌ക്രിയ ആസ്തികള്‍ മുന്‍വര്‍ഷത്തെ 1.50 ശതമാനത്തില്‍ നിന്നും 0.80 ശതമാനമാക്കി കുറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ സബ്‌സിഡി ആനുകൂല്യത്തോടെ റീടേണ്‍ വായ്പാ പദ്ധതിയും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സബ്‌സിഡി ആനുകൂല്യത്തോടെ പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കു വേണ്ടി സ്റ്റാര്‍ട്ട്അപ് വായ്പാ പദ്ധതിയും നടപ്പിലാക്കി.
സ്വന്തമായി ഭവനമെന്ന താഴ്ന്നഇടത്തരം വരുമാനക്കാരുടെ ചിരകാല സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് സഹായകരമാകുന്ന വിധത്തില്‍ എന്റെ വീട് എന്ന പേരില്‍ ഭവന നിര്‍മാണ പദ്ധതിയും ആരംഭിച്ചു.
ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ പുതിയ അവലോകന റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ലാഭക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ കോര്‍പ്പറേഷന്റെ സ്ഥാനം ഏഴില്‍ നിന്നും ആറായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."