റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികളെ കൂകിവിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാര്‍
കിളിമാനൂര്‍: മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ സംഭവസ്ഥലത്ത് കൊണ്ടു വന്നപ്പോള്‍ കൂകി വിളിച്ചും അസഭ്യം വിളിച്ചു പറഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇതിനിടയില്‍ ഒരാള്‍ ഒരു പ്രതിയുടെ മുതുകില്‍ പൊലിസിന്റെ കണ്ണ് വെട്ടിച്ച് ഇടിക്കുകയും ചെയ്തു. ഒന്നും മൂന്നും പ്രതികളായ അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24) എന്നിവരെ മടവൂരില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ എത്തിച്ചത്.
തന്‍സീറിന്റെ മുതുകിലാണ് നാട്ടുകാരില്‍ ഒരാള്‍ ഇടിച്ചത് . മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി (35) വെട്ടി കൊലപ്പെടുത്തിയ കടമുറിക്കുള്ളില്‍ എത്തിച്ചപ്പോള്‍ രക്തം ഉണങ്ങി കട്ടപിടിച്ച നിലയില്‍ കിടപ്പുണ്ടായിരുന്നു .
പ്രതികളെ മടവൂരില്‍ കൊണ്ടു വരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. കനത്ത പൊലിസ് ബന്ധവാസിലാണ് ഇവരെ മടവൂരില്‍ എത്തിച്ചത്. തെളിവെടുപ്പിന്റെ ഭാഗമായി ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കൊണ്ടു പോയ ശേഷമാണ് മടവൂരില്‍ കൊണ്ടു വന്നത്.
പ്രതികളെ കൊണ്ട് വരുന്ന വിവരം അറിഞ്ഞതു മുതല്‍ മടവൂരില്‍ രാജേഷ് കൊല്ലപ്പെട്ട കടമുറിക്ക് മുന്നില്‍ ജനങ്ങള്‍ അക്ഷമരായി കത്ത് നില്‍ക്കുകയായിരുന്നു . കൂട്ടത്തില്‍ രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു . രണ്ടു പ്രതികളെയും കറുത്ത തുണി കൊണ്ട് മുഖം മറച്ച നിലയില്‍ കൊണ്ട് വരികയായിരുന്നു.
തടിച്ചു കൂടിയവര്‍ മുഖം കാണിക്കാന്‍ വിളിച്ചു പറയുകയും ,ഇറക്കി വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു . പൊലിസ് വലയത്തിനുള്ളില്‍ പ്രതികളെ കടമുറിക്കുള്ളില്‍ കയറ്റുകയും അല്‍പ നേരം നിര്‍ത്തിയ ശേഷം ജീപ്പില്‍ കയറ്റി കൊണ്ട് പോവുകയും ചെയ്തു .നാട്ടുകാരില്‍ നിന്നും പ്രതികളെ രക്ഷിക്കാന്‍ പൊലിസുകാര്‍ നന്നേ ബുദ്ധിമുട്ടി.
കിളിമാനൂര്‍ : മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറിക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളെയെല്ലാം വലയിലാക്കിയതിന്റെ ആശ്വാസത്തിലാണ് അന്വേഷകസംഘം.
കേസിലെ നിലവിലുള്ള ഏഴ് പ്രതികളില്‍ അഞ്ചുപേരെയും പിടികൂടാനായെങ്കിലും ക്വട്ടേഷന്‍ സംഘത്തല്ലവന്‍ അപ്പുണ്ണിക്കായുള്ള അന്വേഷണം തുടരുകയാണ്. അപ്പുണ്ണി സംസ്ഥാനം വിട്ടതായി തെളിവ് ലഭിച്ചതോടെ തിരുവനന്തപുരം റൂറല്‍ ഷാഡോ സംഘത്തിലെ മൂന്ന് ടീമുകള്‍ ബുധനാഴ്ച അപ്പുണ്ണിയെ തേടി തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തും.
ക്വട്ടേഷനില്‍ നേരിട്ട് പങ്കെടുത്ത അലിഭായി എന്ന മുഹമ്മദ് സാലിഹ്, തന്‍സീര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷകസംഘത്തിന് ലഭിച്ചത്. ഓച്ചിറയില്‍ സ്വന്തമായി ജിം നടത്തിവരവെയാണ് അലിഭായിക്ക് ഖത്തറില്‍ സത്താറിന്റെ കമ്പനിയില്‍ ജോലി ലഭിക്കുന്നത്. ഖത്തറില്‍ സത്താറിനും ഭാര്യ മെറ്റില്‍ഡ എന്ന സഫിയക്കും നിരവധി ജിംനേഷ്യങ്ങള്‍, ട്രെയിലര്‍ ബിസിനസ്, നൃത്ത പഠനകേന്ദ്രം എന്നിവയുണ്ടായിരുന്നു. സത്താറിന്റെ ജിമ്മില്‍ ഇന്‍സ്ട്രക്ടറായി ജോലിചെയ്യവെ സത്താറുമായി അലിഭായി വളരെയടുക്കുകയും ഉറ്റ ചങ്ങാതിമാരായി മാറുകയും ചെയ്തു.
ഈ സമയം ഖത്തറിലെത്തിയ റേഡിയോ ജോക്കി രാജേഷുമായി സത്താറിന്റെ ഭാര്യ മെറ്റില്‍ഡ അടുക്കുകയും അത് പ്രണയമായി വളരുകയും ചെയ്തു.
ഇവരുടെ ബന്ധത്തോടെ സത്താറിന്റെ കുടുംബജീവിതം താറുമാറാകുയും ബിസിനസ് പൊളിയുകയു ചെയ്തുവെന്ന് അലിഭായി പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൂടാതെ രാജേഷ് സത്താറിനെ ഫോണില്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതായും അലിഭായിയുടെ മൊഴിയിലുണ്ട്.
തന്റെ എട്ടും പത്തും വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ ഭാവിയെ കരുതി രാജേഷുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സത്താര്‍ മെറ്റില്‍ഡയോട് ആവശ്യപ്പെട്ടിട്ടും അനുസരിക്കപ്പെട്ടില്ല. തുടര്‍ന്ന് ഇവരുടെ പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് പലതും തകരുകയും ചെക്ക് കേസില്‍ പെടുകയും സത്താറിനും മെറ്റില്‍ഡക്കും ഖത്തറില്‍ യാത്രാവിലക്ക് വരുകയും ചെയ്തു. ഈ യാത്രവിലക്ക് നീക്കി രാജേഷുമായി രാജ്യം വിട്ട് മെറ്റില്‍ഡ മലേഷ്യയില്‍ താമസമാക്കാനുള്ള ശ്രമം തുടങ്ങിയതായി മനസിലാക്കിയതോടെ രാജേഷിന്റെ കാലും കയ്യും വെട്ടാന്‍ അലിഭായിയും സത്താറും ഗൂഡാലോചന നടത്തുകയും കൃത്യം നിര്‍വഹിക്കാനായി അലിഭായി നാട്ടിലെ ക്വട്ടേഷന്‍ തലവന്‍ അപ്പുണ്ണിയെ ഏല്‍പിക്കുകയുമായിരുന്നു. തുടര്‍ന്ന് അപ്പുണ്ണിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തോളം നീണ്ട പദ്ധതി ആസൂത്രണം ചെയ്താണ് ഇക്കഴിഞ്ഞ 27ന് രാജേഷിനെ വെട്ടിനുറുക്കുന്നത്.
സംഘത്തില്‍ അലിഭായിയും, അപ്പുണ്ണിയും, തന്‍സീമുമാണ് നേരിട്ട് പങ്കെടുത്തത്. ഇതിന് ശേഷം നേപ്പാള്‍ വഴി രാജ്യം വിട്ട അലിഭായിയെയും, നാട്ടുലുണ്ടായിരുന്ന തന്‍സീറിനെയും അന്വേഷകസംഘം പിടികൂടി. എന്നാല്‍ കേസിലെ സൂത്രധാരന്‍ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്.
ഖത്തറില്‍ യാത്രാവിലക്ക് നേരിടുന്ന സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലിസ് ആരംഭിച്ചു.ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് പ്രദീപ്കുമാര്‍, എം. അനില്‍കുമാര്‍, പി.വി രമേഷ്‌കുമാര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് നാടിനെ നടുക്കിയ രാജേഷ് വധക്കേസിലെ അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
പ്രതികളുമായി തെളിവെടുപ്പ് നടത്തി
കരുനാഗപ്പള്ളി(കൊല്ലം): റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെ കന്നേറ്റിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് (26), മറ്റൊരു പ്രതി തന്‍സീര്‍(23) എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
കൃത്യം നടത്തിയതിനു ശേഷം വടിവാളും രക്തം പുരണ്ട വസ്ത്രവും പ്ലാസ്റ്റിക്ക് കവറിലാക്കി കന്നേറ്റി പാലത്തില്‍ നിന്നും തെക്കുഭാഗത്തേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ പൊലിസ് കാവലില്‍ മുഖം കറുത്ത തുണികൊണ്ട് മറച്ചാണ് മുഹമ്മദ് സ്വാലിഹിനെ ഇവിടെ എത്തിച്ചത്.
ഇയാള്‍ കവര്‍ വലിച്ചെറിഞ്ഞതെങ്ങനെയെന്ന് പൊലീസിനു വിവരിച്ചു നല്‍കി. പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് മണിക്കൂറുകളോളം കന്നേറ്റി കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെ അടുത്ത ദിവസം കൂടുതല്‍ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി അനില്‍കുമാര്‍, സിഐമാരായ പ്രദീപ്കുമാര്‍ വി.എസ്, അനില്‍കുമാര്‍ എം, രമേശ് കുമാര്‍ പി.വി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിനായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."