സ്വര്‍ണക്കതിരണിഞ്ഞ് കണ്ടംചിറ കൊയ്ത്തുത്സവത്തിനൊരുങ്ങി
മേപ്പയ്യൂര്‍: ഒരു ഗ്രാമത്തിന്റെ സ്വപ്നം സഫലമായി. മലബാറിന്റെ നെല്ലറകളിലൊന്നായ കരുവോട് ചിറയുടെ ഭാഗമായ കണ്ടംചിറ കതിരണിഞ്ഞു. മൂന്നു പതിറ്റാണ്ടോളം തരിശിട്ട പാടത്ത് ഒരാഴ്ച കഴിഞ്ഞാല്‍ കൊയ്ത്തുത്സവത്തിന്റെ ആരവങ്ങളുയരും.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയാണ് ഇവിടെ മാറ്റത്തിന്റെ തുടക്കം കുറിച്ചത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും മേപ്പയ്യൂര്‍ കൃഷിഭവനും ചേര്‍ന്ന് കണ്ടംചിറ കൃഷിയോഗ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതി തയാറാക്കിയത്. പ്രാദേശിക തലത്തില്‍ ഏഴ് സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി.
നവംബറില്‍ അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ നിലമൊരുക്കുന്നതിനായി എത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, ചുമട് മോട്ടോര്‍ തൊഴിലാളികള്‍, എസ്.പി.സി, എന്‍.എസ്.എസ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തുടര്‍ പ്രവൃത്തികള്‍ എണ്ണൂറോളം തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയ യന്ത്രങ്ങളും ഉപയോഗിച്ച് പൂര്‍ത്തീകരിച്ചു.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.പി രാധാകൃഷ്ണനാണ് മുഖ്യ സംഘാടകന്‍. പഞ്ചായത്തിലെ നാല് വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന കണ്ടംചിറക്ക് മുന്നൂറ് ഏക്കറിനടുത്ത് വിസ്തൃതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."