ഹര്‍ത്താല്‍ ദിനത്തിലും ആനവണ്ടി 'ആത്മാര്‍ഥ' സര്‍വിസ്: കോര്‍പ്പറേഷന് നഷ്ടം ലക്ഷങ്ങള്‍
കല്‍പ്പറ്റ: മുഖ്യധാരാ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതിന് മുന്‍പേ, ബസുകള്‍ ഡിപ്പോയില്‍ കയറ്റി വെക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ദലിത് സംഘടനകളുടെ സംയുക്ത ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വിസ് നടത്തിയ വകയില്‍ കോര്‍പ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം.
ജില്ലയില്‍ മാനന്തവാടി ഡിപ്പോയാണ് ആളുണ്ടാകില്ലെന്നറിഞ്ഞിട്ടും ഹര്‍ത്താല്‍ ദിനത്തില്‍ 'ആത്മാര്‍ഥമായി' സര്‍വീസ് നടത്തിയത്. ആകെയുള്ള 91 സര്‍വിസുകളില്‍ ബസില്ലാത്തതിന്റെ പേരില്‍ മാത്രം ചില ഷെഡ്യൂളൂകള്‍ ഒഴിവാക്കി ബാക്കി മുഴുവന്‍ സര്‍വിസുകളും ഡിപ്പോ ഓപ്പറേറ്റ് ചെയ്തു. മൊത്തം 54 ഷെഡ്യൂളുകളുള്ള കല്‍പ്പറ്റ ഡിപ്പോ രാവിലെ 5 സര്‍വിസുകളും ഉച്ചക്കഴിഞ്ഞ് 19 സര്‍വിസുകളും നടത്തി. തൊണ്ണൂറോളം ഷെഡ്യൂളുകളുള്ള സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലും 30 സര്‍വിസുകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഓടി.
യാത്രക്കാരുടെ കുറവ് കാരണം കല്‍പ്പറ്റ, ബത്തേരി ഡിപ്പോകള്‍ പകുതി സര്‍വിസ് പോലും നടത്താതിരുന്ന സമയത്താണ് ഡീസല്‍ ചിലവിന് പോലും വരുമാനമില്ലാതെയുള്ള മാനന്തവാടി ഡിപ്പോയുടെ ആത്മാര്‍ഥ നിറഞ്ഞ സേവനം. 11 ലക്ഷത്തോളം രൂപയാണ് മാനന്തവാടി ഡിപ്പോയിലെ പ്രതിദിനം വരുമാനം. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തിലെ സര്‍വിസില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതിരുന്നിട്ട് പോലും ഇതിന്റെ പകുതി പോലും വരുമാനം ലഭിച്ചില്ല.
സര്‍വിസ് നടത്തിയ ബസുകളില്‍ പലതിലും 500 രൂപയില്‍ താഴെയാണ് കലക്ഷനെന്ന് മനസ്സിലാക്കിയതോടെയാണ് ബത്തേരി ഡിപ്പോ കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത് നിര്‍ത്തിയത്. യാത്രക്കാര്‍ കുറവാണെന്ന് കണ്ടതോടെ കല്‍പ്പറ്റ ഡിപ്പോയും സര്‍വിസുകള്‍ നിര്‍ത്തി.
ജില്ലയിലെ പ്രധാന ടൗണുകളായ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നിരുന്നു.
കൂടാതെ സ്വകാര്യ ബസ്, ടാക്‌സി വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ടായിരുന്നില്ല. എന്നിട്ടും നഷ്ടക്കണക്കുകള്‍ മാത്രം പറയുന്ന കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നടത്തിയത് ഹര്‍ത്താല്‍ പരാജയപ്പെടുത്താനാണെന്ന ആക്ഷേപം ശക്തമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കടക്കം സര്‍വിസുകള്‍ മുടക്കുന്ന കെ.എസ്.ആര്‍.ടി.സിയാണ് നഷ്ടം ഉറപ്പായിട്ടും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്തത്.
തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയത്. ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും എം.ഡി നിര്‍ദേശം നല്‍കിയിരുന്നു. മറ്റു സംഘടനകളുടെ ഹര്‍ത്താല്‍ ദിനങ്ങളിലും സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയാറാകുമോ എന്നാണ് പൊതു ജനങ്ങളുടെ ചോദ്യം...?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."