ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഇന്ന് മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിക്കും
കോഴിക്കോട്: ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരുവിഭാഗം അധ്യാപകര്‍ ഇന്ന് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിക്കും.
ഹയര്‍ സെക്കന്‍ഡറിയെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. സൂചനാ സമരമെന്ന നിലയിലാണ് സംസ്ഥാനത്തെ 153 ഹയര്‍ സെക്കന്‍ഡറി മുല്യനിര്‍ണയ ക്യാംപുകളും ഒരുദിവസം ബഹിഷ്‌കരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലയനം ഹയര്‍ സെക്കന്‍ഡറിയെ അക്കാദമികമായും ഭരണപരമായും തകര്‍ക്കുന്നതിനിടയാക്കും. സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് ലയനത്തിനു പിന്നിലുള്ളത്. സേവന-വേതന വ്യവസ്ഥകളും തസ്തികകളും അട്ടിമറിക്കപ്പെടുന്നതിനും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുന്നതിനും ഇതു കാരണമാകും.
ലയനത്തോടെ പത്താം ക്ലാസ് അപ്രസക്തമാവുകയും ഹയര്‍ സെക്കന്‍ഡറി മേഖല ദുര്‍ബലമാവുകയും ചെയ്യുമെന്നും സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ക്യാംപ് ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ സംഗമം നടത്തും. രാവിലെ 11ന് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നിസാര്‍ ചേലേരി (കെ.എച്ച്.എസ്.ടി.യു) ജോഷി ആന്റണി (കെ.എ.എച്ച്.എസ്.ടി.എ), സനോജ് (എച്ച്.എസ്.എസ്.ടി.എ), കൃഷ്ണന്‍ പി. നമ്പൂതിരി (ചെയര്‍മാന്‍ എഫ്.എച്ച്.എസ്.ടി.എ), ഷമീം അഹ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."