മഴക്കാല മുന്നൊരുക്കം ഊര്‍ജിതപ്പെടുത്തണം: കലക്ടര്‍
കോഴിക്കോട്: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ വാസസ്ഥലം നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
പഞ്ചായത്തുകളിലും മുനിസിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളിലും ആരോഗ്യസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു പഞ്ചായത്ത് ഭാരവാഹികള്‍ കൂടൂതല്‍ ശ്രദ്ധിക്കണം. വഴിയോര കച്ചവടം നിയന്ത്രിക്കാന്‍ നടപടി എടുക്കണം. വീടുകളും പൊതുസ്ഥലങ്ങളും ശൂചീകരിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ നിര്‍ദേശം നല്‍കി.
എസ്റ്റേറ്റ് മേഖലയിലെ ഉടമകളുടെ മീറ്റിങ് വിളിച്ചുചേര്‍ത്ത് കാട് വെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതിനും ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ക്ക് അറിയിപ്പ് നല്‍കണം. ജലദൗര്‍ലഭ്യമുള്ള മേഖലകളില്‍ വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ മൂടിവയ്ക്കണമെന്നും ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
ഉപയോഗശൂന്യമായ ബയോഗ്യാസ് പ്ലാന്റുകളിലും മഴവെള്ള സംഭരണികളിലും പ്ലാസ്റ്റിക്കുകള്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ കാര്യങ്ങളിലെല്ലാം കോര്‍പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ മോണിറ്ററിങ് നടത്തണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കൃത്യമായി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യസേനയുടെ മേല്‍നോട്ടം പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ. ആശാ ദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് പങ്കെടുത്തു.
മലമ്പനി: കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം
കോഴിക്കോട്: തദ്ദേശീയ മലമ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. ജില്ലയിലെ തീരദേശ ബോട്ട് ഉടമകളുടെയും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലകളിലെ ഉപയോഗിക്കാത്ത തോണികള്‍ കമഴ്ത്തിയിടാനും മീന്‍പെട്ടികള്‍ അടുക്കിവച്ച് മുകളില്‍ ഷീറ്റ് കൊണ്ട് മറയ്ക്കാനും ഡി.എം.ഒ നിര്‍ദേശിച്ചു. ഇന്നു രാവിലെ വെള്ളയില്‍, പുതിയാപ്പ എന്നീ ഹാര്‍ബറുകളില്‍ കലക്ടര്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 27, 28 തിയതികളില്‍ പുതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ തോണി മറിച്ചിടുന്നത് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ 'തീരദേശ മേഖലയില്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍' വിഷയത്തില്‍ സംസാരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ. ആശാ ദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."