കസ്റ്റഡിമരണം: ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍
പറവൂര്‍: ശ്രീജിത്തിന്റെ പൊലിസ് കസ്റ്റഡിമരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വരാപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്നു ദേശീയ പാതയിലൂടെ വന്ന വാഹനങ്ങളിലെ യാത്രക്കാര്‍ പെരുവഴിയിലായി. ദീര്‍ഘദൂര ബസുകളിലെത്തിയ യാത്രക്കാര്‍ക്ക് വരാപ്പുഴയിലിറങ്ങേണ്ടി വന്നു.
അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം നടന്നു മഞ്ഞുമ്മല്‍ കവലയിലെത്തിയാണ് യാത്ര തുടര്‍ന്നത്. മലബാറില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാറുകളിലും മറ്റു വാഹനങ്ങളിലുമെത്തിയവരാണ് ഏറെ കഷ്ടപ്പെട്ടത്.
കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ പോകാനെത്തിയ ആലങ്ങാട് സ്വദേശിയായ യുവാവിനെ റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഒരു കാറിന്റെ ചില്ലുകള്‍ അടച്ചു തകര്‍ത്തു. പറവൂരില്‍ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസിലേക്ക് കുറുവടികളുമായി ഇരച്ചുകയറി ജീവനക്കാരേയും വനിതാ കൗണ്‍സിലര്‍ അജിത ഗോപാലനേയും മര്‍ദിച്ചു.
ജീവനക്കാരായ സജയന്‍ ,അരുണ്‍ എന്നിവരെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ കസേര കൊണ്ട് കൗണ്‍സിലറുടെ വലത് മുട്ടുകാലിന് മുകളില്‍ കസേര കൊണ്ടു അടിക്കുകയായിരുന്നു.
ഓഫിസിലെ കസേരകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മുനിസിപ്പല്‍ ഓഫിസില്‍ കയറി കൗണ്‍സിലറെയും ജീവനക്കാരേയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ആവശ്യപ്പെട്ടു.
പ്രതിഷേധം ഇരമ്പി; ശ്രീജിത്തിന് നാടിന്റെ കണ്ണീര്‍ പൂക്കള്‍
പറവൂര്‍: പൊലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച ദേവസ്വംപാടം ക്ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശീജിത്തിത്തിന് (27) നാടിന്റെ യാത്രാമൊഴി. ഉച്ചമുതല്‍ തന്നെ ശ്രീജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ശ്രീജിത്തിന്റെ വീട്ടിലേക്ക് ജനം എത്തിക്കൊണ്ടിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് എത്തിയതോടെ പ്രതിഷേധം ആഞ്ഞടിച്ചു.പൊലിസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ വരാപ്പുഴയില്‍ ദേശീയ പാത ഉപരോധിച്ചു. കറ്റക്കാരായ പൊലിസുക്കാരെ സസ്‌പെന്‍ഡ് ചെയ്യുക, ശ്രീജിത്തിന്റെ കുടുംബത്തിനു അടിയന്തര ധനസഹായം പ്രഖ്യാപിക്കുക, ശ്രീജിത്തിന്റെ കുടുംബത്തിലെ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവച്ചത്.
കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എസ്.പി എ. വി ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് വന്‍ ജനാവലിയായി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."