നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് തൃക്കാക്കര നഗരസഭ
കാക്കനാട്: അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കാനിരിക്കേ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് തൃക്കാക്കര നഗരസഭ. വിമത കൗണ്‍സിലര്‍ നാസറിനു പിറകെ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസും യു.ഡി.എഫിലേക്ക് ചേര്‍ന്നു. ഇടത് ഭരണത്തോടൊപ്പം ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് തിങ്കളാഴ്ച വൈകിട്ട് സി.പി.എം നേതാക്കള്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെ യോഗത്തിലാണ് സാബു ഫ്രാന്‍സിസ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്ന വിവരം നേതാക്കള്‍ വെളിപ്പെടുത്തിയത്. സി.പി.എം വിതമന്റെ പിന്തുണയോടെ നരസഭ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനുമെതിരേ യു.ഡി.എഫ് നല്‍കിയ അവിശ്വാസ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ ഇടതിനൊപ്പം ഉറച്ച് നിന്നിരുന്ന വൈസ് ചെയര്‍മാന്റെ മലക്കംമറിച്ചില്‍ അപ്രതീക്ഷിതമായിരുന്നു.
എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള രാജി സമര്‍പ്പിക്കാന്‍ സാബു ഫ്രാന്‍സിസ് നഗരസഭ ഓഫിസിലെത്തിയപ്പോള്‍ സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനെ ചൊല്ലി തുടങ്ങിയ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫിസ് ഉപരോധിച്ച സാബുവിനെയും യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. എല്‍.ഡി.എഫിനൊപ്പം നിന്നു നേടിയ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാല്‍ യു.ഡി.എഫിലേക്കു സ്വീകരിക്കാമെന്നു നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണു രാജിക്കത്തുമായി സാബു മൂന്നു മണിയോടെ നഗരസഭ ഓഫിസിലെത്തിയത്. അതുവരെ ഓഫിസിലുണ്ടായിരുന്ന സെക്രട്ടറി സ്ഥലം വിട്ടതാണു യു.ഡി.എഫ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
സാബുവിന്റെ രാജി സ്വീകരിക്കാതിരിക്കാന്‍ സി.പി.എം നിര്‍ദേശിച്ചതനുസരിച്ചാണു സെക്രട്ടറി ഓഫിസ് വിട്ടതെന്നാരോപിച്ചായിരുന്നു ബഹളം അഞ്ചു മണിയായിട്ടും സെക്രട്ടറി എത്താതിരുന്നതോടെ വൈസ് ചെയര്‍മാന്‍ സാബുവും യു.ഡിഎ.ഫ് കൗണ്‍സിലര്‍മാരും നഗരസഭ ഓഫിസ് കവാടത്തില്‍ ഉപരോധം തുടങ്ങി. സെക്രട്ടറി വരാതെ ജീവനക്കാരെ പുറത്തു വിടില്ലെന്നു പറഞ്ഞു നാലു ഭാഗത്തെയും വാതിലുകള്‍ പൂട്ടിയതോടെ പൊലിസ് രംഗത്തെത്തി.
ഉപരോധക്കാരെ നീക്കാനുള്ള പൊലിസ് ശ്രമം ബലം പ്രയോഗിച്ചതോടെ ഉന്തും തള്ളുമായി. ഏറെനേരത്തെ പിടിവലിക്കു ശേഷമാണു യുഡിഎഫ് കൗണ്‍സിലര്‍മാരെയും വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെയും അറസ്റ്റു ചെയ്തു പൊലിസ് സ്റ്റേഷനിലേക്കു നീക്കിയത്.43 അംഗ കൗണ്‍സിലില്‍ സിപിഎം, കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോട എല്‍ഡിഎഫ് 22, യുഡിഎഫ് 21 ആയിരുന്നു അംഗബലം. രണ്ട് വിമതര്‍ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ നഗരസഭ കൗണ്‍സിലില്‍ യുഡിഎഫിന്റെ അംഗബലം 23 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."