ഉറപ്പില്ലാതെ തൊഴിലുറപ്പ്: പദ്ധതി കുഴച്ചുമറിച്ച് ഉദ്യോഗസ്ഥര്‍
ശ്രീകൃഷ്ണപുരം: 2006 മുതല്‍ കേരളത്തില്‍ നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കിപ്പൊ ഒരുറപ്പുമില്ല. യഥാസമയം കൂലി നല്‍കാതെയും, പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും, ഉദ്യോഗതലങ്ങളിലെ ഉന്നതരുടെ പിടിവാശിയും പദ്ധതിയെ കുഴക്കുന്നു.
2005 ല്‍ ദാരിദ്ര്യലഘൂകരണം ലക്ഷ്യം വച്ചാണ് യു.പി.എ സര്‍ക്കാര്‍ ലോക ശ്രദ്ധപിടിച്ചു പറ്റിയ തൊഴിലുറപ്പ് പദ്ധതി നിയമം നടപ്പിലാക്കിയത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ വിവരാവകാശ നിയമത്തോടൊപ്പം ജനകീയ ശ്രദ്ധ നേടിയ പ്രധാനപ്പെട്ട നിയമമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തൊഴില്‍ കണ്ടെത്തി ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്തുന്ന ഈ പദ്ധതിയിലൂടെ തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു.
ഇന്ത്യയിലെ ദരിദ്രജനങ്ങള്‍ക്ക് 100 ദിനങ്ങള്‍ തൊഴിലുറപ്പാക്കുന്നതിലൂടെ ദാരിദ്ര്യത്തിന് ഒരു പരിധി വരെ മാറ്റമുണ്ടാവും എന്നതായിരുന്നു പദ്ധതിയുടെ പ്രധാന നേട്ടം. പ്രകൃതി പരിപാലനത്തിലൂന്നി ആസ്തി സൃഷ്ടിക്കുന്ന പ്രവര്‍ത്തികളും, തരിശു നിലങ്ങള്‍ കൃഷി ഭൂമിയാക്കുക, നീര്‍ത്തട വികസനം, ജലം സംരക്ഷിക്കുന്നതിനുള്ള എല്ലാ സ്രോതസുകളും പുനരുജ്ജീവിപ്പിക്കുക, വനവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രാദേശിക വികസന പ്രവര്‍ത്തികളും ഏറ്റെടുക്കാന്‍ നിയമം ആവശ്യപ്പെടുന്നു. എല്ലാ വര്‍ഷവും ഒക്ടോബറില്‍ ഗ്രാമസഭ വഴി കണ്ടെത്തുന്ന കര്‍മപദ്ധതിക്ക് ഫെബ്രുവരിയോടെ അംഗീകാരം ലഭിക്കും.
അംഗീകാരം ലഭിക്കുന്ന പ്രവര്‍ത്തികള്‍ ഏപ്രിലില്‍ തുടങ്ങുമ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കുക വഴി തുടങ്ങാന്‍ കഴിയാത്ത അവസ്ഥ വരുന്നു. മഴക്കുഴി, മണ്‍ ബണ്ട് തുടങ്ങി ഏതു പ്രവൃത്തിയും അഞ്ചു മുതല്‍ 15 വര്‍ഷം വരെ നിലനില്‍ക്കുന്നവയാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അവയില്‍ ചിലത്. 2011 മുതല്‍ നീര്‍ത്തട പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാര്‍ 3000 മില്ലീമീറ്റര്‍ മഴ പെയ്യുന്ന കേരളത്തിലെയും 100 താഴെ മാത്രം മഴ കിട്ടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളെയും ഒരേ തുലാസില്‍ അളക്കുന്നു എന്നത് പദ്ധതിയെ പിറകോട്ടടിക്കുന്നു. കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് പാലക്കാട് ജില്ലയില്‍ നീര്‍ത്തടാധിഷ്ടിത പദ്ധതികളൊന്നും ഏറ്റെടുക്കാനാവില്ല. പാലക്കാട്, വയനാട് ജില്ലകളില്‍ മാത്രം തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനായി നിയോഗിച്ച ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാര്‍ പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനു പകരം അവരവരുടെ ഇഷ്ടത്തിന് നിയമത്തേയും മാര്‍ഗനിര്‍ദേശങ്ങളെയും വ്യഖാനിക്കുന്നു. ആസ്തി നിര്‍മാണം എന്ന് നിഷ്‌കര്‍ഷിച്ച് കിണര്‍ നിര്‍മാണത്തിന് ആള്‍മറയില്ലെന്ന പേരില്‍ നിഷേധിക്കുന്നു. കഴിഞ്ഞ വര്‍ഷം 73 ലക്ഷം തൊഴില്‍ ദിനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ 51 ലക്ഷം തൊഴില്‍ ദിനങ്ങളായി കുറഞ്ഞു.
ജില്ലയില്‍ 4.34 ലക്ഷം തൊഴില്‍കാര്‍ഡുടമകള്‍ ഉള്ളപ്പോഴാണ് ഈ അവസ്ഥ. കഴിഞ്ഞ വര്‍ഷത്തില്‍ കൂലിയിനത്തില്‍ 229 കോടി രൂപ നല്‍കിയപ്പോള്‍ ഈ വര്‍ഷമത് 152 കോടി രൂപ മാത്രമാണ്. നിലവില്‍ കേരളത്തില്‍ 33.45 ലക്ഷം കുടുംബങ്ങളില്‍നിന്നും 51.69 ലക്ഷം തൊഴിലാളികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് ഉള്ളവരാണ്.
പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പഞ്ചായത്തുകളും ബുദ്ധിമുട്ടുന്നു. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാലു ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിയപ്പോള്‍ ഇത്തവണ ഒന്നര ലക്ഷത്തില്‍ താഴെയായി കുറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കൂലി ഇനത്തില്‍ 55704 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് 1854 കോടി രൂപ നല്‍കിയപ്പോള്‍ തമിഴ്‌നാടിന് ലഭിച്ചത് 5832 കോടി രൂപയാണ്. കേരളത്തിന് ലഭിച്ച 1854 കോടില്‍ 700 കോടിയോളം രൂപ മുന്‍വര്‍ഷത്തിലേതാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ലഭിച്ചതിനു ശേഷം ഇന്നുവരെയും കൂലി ലഭിച്ചിട്ടില്ല. പാലക്കാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാടിന് കൂലി ലഭിക്കുമ്പോള്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തത്തിന്റെ കാരണവും വ്യക്തമല്ല.
കൂലി ലഭിക്കുന്നതിലെ കാലതാമസം പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു. ഇതുവഴി തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കും പ്രകടമാണ്. സംസ്ഥാന സര്‍ക്കാരിനോടുള്ള അവഗണനയായും കൂലി വൈകലിനെ, വിലയിരുത്തപ്പെടുന്നു. ആസ്തികളുടെ രൂപീകരണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും പുറകിലാണ് കേരളം.
കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് 201718 സാമ്പത്തിക വര്‍ഷത്തില്‍ 50 തൊഴില്‍ ദിനങ്ങള്‍ കൂടി അധികമായി അനുവദിച്ച് കിട്ടി.14 ദിവസം തൊഴില്‍ നല്‍കാനായില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനവും നിയമം ഉറപ്പാക്കുന്നു. തൊഴില്‍ ആവശ്യപ്പെടുന്നതിനുള്ള അവകാശവും, തൊഴിലാളികള്‍ക്കുണ്ട്.പഞ്ചായത്തുകളില്‍ സെക്രട്ടറി അസി.സെക്രട്ടറി, ബി.പി.ഒ, ജെ.പി.സി തുടങ്ങിയവരാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റ് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലോ, ബോധപൂര്‍വമോ തൊഴിലുറപ്പ് പദ്ധതി അവസാനത്തെ അജണ്ടയായി അവഗണിക്കപ്പെടുന്നു.
അതിന്റെയെല്ലാ ഉത്തരവാദിത്വവും പഴിയും കേള്‍ക്കപ്പെടുന്നത് കരാര്‍ ജീവനക്കാരാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ജനകീയാസൂത്രണ പദ്ധതിയുടെ അതേ സംഖ്യ തന്നെ രണ്ടു മുതല്‍ നാലു കോടി രൂപ ഓരോ ഗ്രാമപഞ്ചായത്തിലും രണ്ടോ നാലോ കരാര്‍ ജീവനക്കാരാണ് നടപ്പിലാക്കുന്നത്. അവര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടുമില്ല.
രണ്ടു വര്‍ഷകരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആര്‍ജിത അവധി ആനുകൂല്യം, ജീവിത നിലവാരത്തിനാനുപാതികമായ ശമ്പള വര്‍ധനവോ നല്‍കാന്‍ തയ്യാറാവുന്നില്ല. പദ്ധതിയുടെ കേന്ദ്ര ബിന്ദുക്കളായി സംസ്ഥാനത്ത് നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നു. സംസ്ഥാന മിഷനിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശി മാത്രമാണ് കരാര്‍ ജീവനക്കാരെ അവഗണിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ബോധപൂര്‍വമോ അബോധപൂര്‍വമോ ഉന്നത ഉദ്യോഗസ്ഥര്‍ തടയപ്പെടുന്നതായും കാണാന്‍ സാധിക്കും. ഇത്തരത്തില്‍ പദ്ധതിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നതും വസ്തുതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."