തലപ്പിള്ളി താലൂക്കില്‍ ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജം: ആദ്യ ദിനം താളംതെറ്റി: മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കാനായത് ഏറെ വൈകി
വടക്കാഞ്ചേരി : ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കിലെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീനുകള്‍ ഉപയോഗിച്ചുള്ള റേഷന്‍ വിതരണത്തിനു തുടക്കമായി. ഇന്നലെ കാലത്തു മുതല്‍ മെഷീന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണു അറിയിപ്പ് ഉണ്ടായിരുന്നതെങ്കിലും പ്രവര്‍ത്തനം ആരംഭിയ്ക്കാന്‍ 11 വരെ കാത്തിരിയ്‌ക്കേണ്ടി വന്നു.
റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ടു കടയുടമകള്‍ക്കു പരിശീലനം നല്‍കിയിരുന്നെങ്കിലും കടയുടമകള്‍ക്കുള്ള പരിചയകുറവും ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞതും പ്രതിസന്ധിയായി. താലൂക്ക് പരിധിയിലെ 232 റേഷന്‍ കടകളിലാണു മെഷീനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റേഷന്‍ കടയിലെ ഗുണഭോക്തൃ പട്ടികയും ഭക്ഷ്യവസ്തുക്കളുടെ വിഹിതവും ഉള്‍പ്പെടുന്ന വിവരങ്ങള്‍ മെഷീനില്‍ ക്രോഡീകരിച്ചിട്ടുണ്ട്. കടയിലെത്തുന്ന ഉപഭോക്താവ് മെഷീനില്‍ വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാബേസില്‍ നിന്നു വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും.
കാര്‍ഡില്‍ പേരില്ലാത്തവരാണു എത്തുന്നതെങ്കില്‍ റേഷന്‍ ലഭിയ്ക്കില്ല. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിയ്ക്കുകയും ചെയ്യും. കാര്‍ഡ് ഉടമയല്ലാതെ പേരുള്ള ആരെങ്കിലുമാണു റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നതെങ്കില്‍ ഉടമ നല്‍കിയിട്ടുള്ള നമ്പറുള്ള മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്നും അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ മെഷീന്റെ പ്രവര്‍ത്തനം സുഖമമാകുമെന്നാണു കടയുടമകള്‍ പറയുന്നത്. ഒരു മാസം മെഷീനുമായി സഹകരിയ്ക്കുമെന്നും അതിനുള്ളില്‍ വേതന പാക്കേജിന്റെ കാര്യത്തിലും അളവിലെ കൃത്യതയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുമെന്നും റേഷന്‍ കടയുടമകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."