മണലിപുഴ നാശത്തിന്റെ വക്കില്‍: ഹരിത കേരളം പദ്ധതിക്കും മണലി പുഴയെ രക്ഷിക്കാനായില്ല
പുതുക്കാട്: ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണലി പുഴയില്‍ ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു നാട്ടുകാര്‍ക്ക്. മരണശയ്യയിലായിരുന്ന മണലി പുഴ കരകയറുമെന്നു തന്നെ പ്രകൃതി സ്‌നേഹികള്‍ വിശ്വസിച്ചു. നെന്മണിക്കര പഞ്ചായത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ കലക്റ്റര്‍ മുന്‍കയ്യെടുത്തായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണലി പുഴയില്‍ ആരംഭിച്ചത് .
എന്നാല്‍ ദേശീയപാതയിലെ മണലി പാലം മുതല്‍ ഓടന്‍ചിറ ഷട്ടര്‍ വരെ ഒരു കിലോമീറ്റര്‍ വരുന്ന ഭാഗത്തെ ചണ്ടിയും പായലും നീക്കിയതോടെ പുഴ നവീകരണം അവസാനിച്ചു. പുഴയില്‍ അടിഞ്ഞുകിടന്ന മണ്‍കൂനകളും ചെളിയും ഇപ്പോഴും നീക്കം ചെയ്തില്ല. ദേശീയപാത നിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും ചളിയും പുഴയുടെ വശങ്ങളിലേക്കു മാറ്റുക മാത്രമാണു അന്നു ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ കുളവാഴയും പായലും വളര്‍ന്നു പുഴ വെറും അഴുക്കുചാലായി. സ്‌പെഷല്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ അനാസ്ഥയാണു മണലിപ്പുഴക്കു തിരിച്ചടിയാവുന്നത്. നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങളായി പുഴ ശുചീകരിക്കണമെന്നു ആവശ്യമുയര്‍ത്തുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അവഗണന മൂലം പുഴ നവീകരണം പാതിവഴിയില്‍ നിലച്ച നിലയിലാണ്.
പുഴയില്‍ അടിഞ്ഞ ചെളിയും മാലിന്യവും നീക്കം ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. പീച്ചി വനമേഖയില്‍ കൂടി നടത്തറ, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകളില്‍ കൂടി ഒഴുകി അമ്പലക്കടവില്‍ വച്ചു കുറുമാലിപ്പുഴയില്‍ ലയിക്കുകയാണു മണലിപ്പുഴ ചെയ്യുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന കാലഘട്ടത്തിലും അധികൃതര്‍ പരസ്പരം പഴിചാരി കാലം നീക്കുമ്പോള്‍ മരണം കാത്തുകഴിയുകയാണു മണലിപുഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."