പരപ്പ പഞ്ചായത്ത് രൂപീകരണം: നീക്കങ്ങള്‍ ഊര്‍ജിതം
നീലേശ്വരം: ജില്ലയില്‍ പരപ്പ പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി. ഭരണമുന്നണിയിലെ മുഖ്യ കക്ഷിയായ സി.പി.എം ആണ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
പഞ്ചായത്തിനായുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി ഒരു സമിതിക്കും രൂപം നല്‍കി. നീലേശ്വരം, പനത്തടി, എളേരി ഏരിയാ സെക്രട്ടറിമാര്‍, പുതിയ പഞ്ചായത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യതയുള്ള ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് സമിതി.
പഞ്ചായത്തിന്റെ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, ബളാല്‍ പഞ്ചായത്തുകള്‍ വിഭജിച്ചായിരിക്കും പരപ്പ പഞ്ചായത്ത് രൂപീകരിക്കുക. വില്ലേജുകള്‍ അതിര്‍ത്തികളായി നിശ്ചയിച്ചു വിഭജനം നടത്താനാണ് ആലോചിക്കുന്നത്.
എന്നാല്‍ ചില പ്രദേശങ്ങളുടെ കാര്യത്തില്‍ ഈ നിബന്ധനയില്‍ ഇളവുണ്ടായേക്കും. പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരപ്പ പഞ്ചായത്തിനു രൂപം നല്‍കിയിരുന്നു. എന്നാല്‍ വാര്‍ഡു വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ കോടതി കയറിയതോടെ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."