ആതുരമിത്രം പദ്ധതി: കാക്കിക്കുള്ളിലെ നന്മ തുണയായത് 891 പേര്‍ക്ക്
കണ്ണൂര്‍: കണ്ണൂരിലെ പൊലിസ് നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ മറ്റു ജില്ലയിലെ പൊലിസിന് മാതൃകയായിട്ടുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ജില്ലാ പൊലിസിന്റെ ആതുരമിത്രം പദ്ധതി. ജില്ലയിലെ ഓരോ പൊലിസുകാരന്റെയും ശമ്പളത്തില്‍ നിന്ന് പ്രതിമാസം 100 രൂപ വീതം സംഭാവന നല്‍കുന്ന പദ്ധതിയിലൂടെ ഇതുവരെ 79,02,000 രൂപയാണ് ധനസഹായം നല്‍കിയത്. 2015ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 891 പേര്‍ക്ക് സഹായം ലഭിച്ചുകഴിഞ്ഞു. ജില്ലയില്‍ കാന്‍സര്‍, കിഡ്‌നി, കരള്‍ രോഗങ്ങള്‍ പോലുള്ള ഗുരുതര അസുഖം ബാധിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് ആതുരമിത്രം പദ്ധതി ആരംഭിച്ചത്. ആദ്യവര്‍ഷം 160 പേര്‍ക്ക് 16,96,000 രൂപ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു. 2016ല്‍ 238 പേര്‍ക്ക് 24,37,500 രൂപയും 2017ല്‍ 393 പേര്‍ക്ക് 32,06,500 രൂപയും അനുവദിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 100 പേര്‍ക്ക് 5,64,000 രൂപയും സഹായം നല്‍കി. ജില്ലാ പൊലിസ് മേധാവി ചെയര്‍മാനും ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് വൈസ് ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ് ആതുരമിത്രത്തിന്റെ ചുമതല വഹിക്കുന്നത്.
ലഭിക്കുന്ന അപേക്ഷകള്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന സബ് കമ്മിറ്റി പരിശോധിച്ച് അര്‍ഹരായ ആളുകളെ കണ്ടെത്തി സൂക്ഷ്മപരിശോധനയ്ക്കു ശേഷം എല്ലാ മാസവും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ് രീതി. അര്‍ഹരായ ആളുകള്‍ക്ക് 5,000 രൂപ മുതല്‍ 15,000 രൂപവരെയാണ് സഹായധനമായി നല്‍കുന്നത്. ഒരിക്കല്‍ തള്ളിയ അപേക്ഷകള്‍ വീണ്ടും പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."