സഊദിയും ഫ്രാന്‍സും തമ്മില്‍ 18 ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പുവച്ചു
റിയാദ്: സഊദി അറേബ്യയും ഫ്രാന്‍സും തമ്മില്‍ 18 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. കരാറുകളില്‍ എട്ടെണ്ണം സഊദി ദേശീയ കമ്പനിയായ അരാംകോയാണ് ഫ്രാന്‍സ് എണ്ണ കമ്പനികളുമായി ഒപ്പുവച്ചത്.
സഊദി ഊര്‍ജ്ജ, എണ്ണ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹും നിക്ഷേപ സഹകരണ മന്ത്രി മാജിദ് അല്‍ ഖസബിയും നിരവധി ഉന്നതരും പാരീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഫ്രാന്‍സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ ഒപ്പുവച്ചത്. ഊര്‍ജ മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഊര്‍ജ മേഖലയിലും ഗതാഗത മേഖലയിലും 20 ധാരണാ പത്രങ്ങളിലാണ് ഒപ്പുവച്ചത്.
സഊദി സ്വകാര്യ വിമാന കമ്പനിയായ ഫ്‌ലൈനാസും ജനറല്‍ ഇലക്ട്രിക്, സഊദി കമ്പനിയായ സഫ്‌റാനും ചേര്‍ന്ന സംയുക്ത കമ്പനിയും തമ്മില്‍ തദ്ദേശീയമായി വിമാന എഞ്ചിന്‍ നിര്‍മിക്കാനായി 5.5 ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പുവച്ചു. ഊര്‍ജഗതാഗത രംഗത്ത് ഇരുപതോളം ധാരണപത്രങ്ങളും തയ്യാറായിട്ടുണ്ട്. നൂറ്റി എണ്‍പത് കോടി ഡോളറിന്റേതാണ് കരാറുകള്‍.
എണ്ണ മേഖലയിലെ സഹകരണ കരാറുകള്‍ പത്ത് ബില്യന്‍ ഡോളറിന്റെതായിരിക്കുമെന്ന് അരാംകോ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് അമീന്‍ അന്നാസിര്‍ പറഞ്ഞു.
ഫ്രാന്‍സിലെ എണ്ണ ഭീമന്‍ കമ്പനിയായ ടോട്ടലുമായി സഊദി അരാംകോ സഹകരണ കരാര്‍ ഒപ്പുവയ്ക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഫ്രാന്‍സ് ടോട്ടല്‍ റിഫൈനറിയും സഊദി അറാംകോയും സംയുക്തമായുള്ള സാടോര്‍പ്പ് കമ്പനി 7.2 ബില്യണ്‍ ഡോളറില്‍ പുതിയ പ്ലാന്റ് നിര്‍മിക്കും. ഇതേ കമ്പനികള്‍ തമ്മില്‍ 3 ബില്യന്‍ ഡോളറിന്റെ മറ്റൊരു റീട്ടെയില്‍ കരാറും നിലവില്‍ വന്നു.
പുതിയ കരാറുകളോടെ സഊദിയും ഫ്രാന്‍സും തമ്മില്‍ എണ്ണമേഖലയിലുള്ള സഹകരണം ഇരട്ടിയാവും. സഊദി അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ ഇറക്കാനുള്ള ഒരുക്കത്തിന് മുന്നോടിയായാണ് സഹകരണം. കിരീടവകാശിയുടെ സന്ദര്‍ശനത്തോടെ സഊദി, ഫ്രാന്‍സ് സാമ്പത്തിക ഫോറവും നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."