തലചായ്ക്കാനിടമില്ലാതെ 26,770 ഗോത്രകുടുംബങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തലചായ്ക്കാനിടമില്ലാതെ 26,770 പട്ടികവിഭാഗ കുടുംബങ്ങളുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. എല്ലാവര്‍ക്കും വീടെന്ന പ്രഖ്യാപനം നിലനില്‍ക്കുമ്പോഴാണ് ഇത്രയധികം ഗോത്രവിഭാഗക്കാര്‍ ഭവനരഹിതരായി കഴിയുന്നത്. വജ്രജൂബിലി ആഘോഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ദലിതര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ സൂചികയാണിത്.
പട്ടികവര്‍ഗ വിഭാഗത്തില്‍ സ്വന്തമായി ഭൂമിയുള്ളവരില്‍ 15,176 കുടുംബങ്ങള്‍ ഭവനരഹിതരാണ്. എന്നാല്‍ 11,594 കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയോ ഭവനമോ ഇല്ലാത്തവരാണ്. ഇതുള്‍പ്പെടെ ആകെ 26,770 ഗോത്രവിഭാഗക്കാര്‍ സ്വന്തമായൊരു വീടിനായി നാളുകളായി കാത്തിരിക്കുന്നു.
കൂടാതെ 2016-17 കാലഘട്ടത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനെ അനുവദിച്ച 6,709 വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. 2011-12 മുതല്‍ 16-17 വരെ വകുപ്പ് മുഖേന അനുവദിച്ച 24,314 വീടുകളില്‍ ഇതുവരെ പൂര്‍ത്തിയായത് ആകെ 6,823 വീടുകള്‍ മാത്രം.
വീടുപണിക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള പ്രയാസം, ജലക്ഷാമം, നിശ്ചിത തറ വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നത് തുടങ്ങിയവയാണ് വീടു നിര്‍മാണത്തെ തടസപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പൂര്‍ത്തീകരിക്കാത്ത വീടുകള്‍ ലൈഫ് മിഷനിലേക്കു മാറ്റിയതിനാല്‍ പരമാവധി ആറു ലക്ഷത്തില്‍ എസ്റ്റിമേറ്റ് മാറ്റി തയാറാക്കി അംഗീകാരം ലഭിക്കാന്‍ കാലതാമസം നേരിട്ടതും ഭവനനിര്‍മാണ പുരോഗതിയെ ബാധിച്ചതായി മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
2016-17ല്‍ അനുവദിച്ച വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ അവയ്ക്കും വര്‍ധിപ്പിച്ച ആറു ലക്ഷം രൂപയെന്ന ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി മറുപടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷന്‍ മുഖേന വീട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വീടുകളില്‍ പൂര്‍ത്തീകരിക്കാത്തവ ലൈഫ് മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചുവരുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."