ഹാരിസണ്‍ കമ്പനിക്ക് തുണയായത് ദുരൂഹമായ സര്‍ക്കാര്‍ വീഴ്ചകള്‍
തിരുവനന്തപുരം: ഭൂമികേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാന്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിനു തുണയായത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ദുരൂഹ വീഴ്ചകള്‍. സര്‍ക്കാര്‍ ഒത്തുകളിച്ച് കേസില്‍ തോറ്റുകൊടുത്തതാണെന്ന ആരോപണവും വ്യാപകമാണ്. മറ്റു ഭൂമി കൈയേറ്റ കേസുകളില്‍ ഈ കോടതിവിധി സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറുകയുമാണ്.
സ്‌പെഷല്‍ ഓഫിസര്‍ എം.ജി രാജമാണിക്യത്തിന്റെ കണ്ടെത്തലുകള്‍ ഫലപ്രദമായി കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനാകാതെ പോയതാണ് തിരിച്ചടിക്കു പ്രധാന കാരണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിനു വന്നുചേരേണ്ടതാണെന്നും അതിന്റെ ഉടമസ്ഥത സര്‍ക്കാരിനാണ് എന്നതിനാല്‍ ഹാരിസണ്‍ കൈവശം വച്ച ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമായിരുന്നു രാജമാണിക്യം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍ ഇപ്പോള്‍ രാജമാണിക്യം റിപ്പോര്‍ട്ട് തന്നെ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. റവന്യൂ വകുപ്പു ഭരിക്കുന്ന സി.പി.ഐക്ക് രാജമാണിക്യം റിപ്പോര്‍ട്ടിനോടുള്ള താല്‍പര്യക്കുറവ് നേരത്തെ വാര്‍ത്തയായിരുന്നു. ഇതു കോടതിയില്‍ സര്‍ക്കാരിന്റെ വാദത്തെ സ്വാധീനിച്ചതായി ആരോപണമുയരുന്നുണ്ട്.
ഹാരിസണ്‍ കമ്പനിയുമായുള്ള കേസുകളില്‍ നേരത്തെ സര്‍ക്കാരിന് അനുകൂലമായ വിധികള്‍ ലഭിച്ചു തുടങ്ങിയത് കേസുകള്‍ വാദിക്കാന്‍ സ്‌പെഷല്‍ പ്ലീഡറായി സുശീലാ ഭട്ടിനെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സുശീലയെ മാറ്റിയതു വിവാദമായിരുന്നു. കേസ് തോറ്റുകൊടുക്കാന്‍ വേണ്ടിയാണെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഹൈക്കോടതിയിലെ തിരിച്ചടിയോടെ ആ ആരോപണം ബലപ്പെടുകയാണ്. കമ്പനി കൈവശം വച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അതു കോടതിയില്‍ ബോധ്യപ്പെടുത്താനും സര്‍ക്കാരിനായില്ല.
ഹൈക്കോടതിയുടെ തന്നെ നേരത്തെയുള്ള വിധിയുടെയും അടിസ്ഥാനത്തില്‍ രാജമാണിക്യം സ്വീകരിച്ച നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്നും ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമുള്ള നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തിരിച്ചടിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കളയാതെ കേസ് നടത്തിയതിനു പിന്നിലും തോറ്റുകൊടുക്കാനുള്ള നീക്കമാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. കേസില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്തതാണെന്ന് മുന്‍ പ്ലീഡര്‍ സുശീലാ ഭട്ട് തന്നെ ആരോപിച്ചിട്ടുണ്ട്.
മറ്റു ഭൂമി കൈയേറ്റ കേസുകളിലും സര്‍ക്കാരിനു തിരിച്ചടി ലഭിക്കാന്‍ ഈ വിധി കാരണമായേക്കും. സംസ്ഥാനത്ത് വന്‍കിടക്കാര്‍ നിയമവിരുദ്ധമായി 5.5 ലക്ഷം ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതു തിരിച്ചുപിടിക്കാനുള്ള കേസുകളില്‍ മറുഭാഗം കോടതി വിധി ഉയര്‍ത്തിക്കാട്ടി വാദിച്ചാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ ദുര്‍ബലമാകും. അതിനെ മറികടക്കണമെങ്കില്‍ കണ്ണന്‍ ദേവന്‍ ഹില്‍ റിസംപ്ഷന്‍ ആക്ടിന്റെ മാതൃകയില്‍ നിയമനിര്‍മാണം നടത്തേണ്ടിവരും. അതുണ്ടായില്ലെങ്കില്‍ പല വന്‍കിടക്കാരും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി അവരുടെ ഉടമസ്ഥതയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."