വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പ്ലാന്റ് രണ്ട് മാസത്തിനുള്ളില്‍
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പ്ലാന്റ് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും. അരുവിക്കരയില്‍ സ്ഥാപിച്ച യന്ത്രങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.
വര്‍ഷങ്ങള്‍ നീണ്ട തടസങ്ങള്ക്കുശേഷമാണ് വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. ദിവസവും 7,200 ലിറ്റര്‍ വെള്ളം ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണിത്. അര, ഒന്ന്, രണ്ട്, ലിറ്റര്‍ കുപ്പികള്‍ക്കു പുറമേ 20 ലിറ്ററിന്റെ ക്യാന്‍ വെള്ളവും ഇവിടെ ഉല്പാദിപ്പിക്കും.
2010ലാണ് അരുവിക്കരയില്‍ കുപ്പിവെള്ള പ്ലാന്റ് നിര്‍മാണം വാട്ടര്‍ അതോറിറ്റി ആരംഭിച്ചത്. ടെണ്ടറുകള്‍ ക്ഷണിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിക്ക് കരാറുകാരനെ ലഭിച്ചില്ല. ആറുതവണ ടെണ്ടറുകള്‍ ക്ഷണിച്ച വാട്ടര്‍ അതോറിറ്റി പിന്നീട് 2.2 കോടി ആയിരുന്ന പദ്ധതി ചെലവ് 10 കോടിയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. പദ്ധതിക്കുണ്ടായ കാലതാമസം 2013ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായിരുന്നു. പരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ച സ്ഥിതിക്ക് ഉടന്‍തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ കുപ്പിവെള്ളം ഉല്പാദനം അരുവിക്കര പ്ലാന്റില്‍ ആരംഭിക്കും. പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസാനഘട്ടമെന്ന നിലയില്‍ ഭക്ഷസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വാട്ടര്‍ അതോറിറ്റി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്താകെ 128 കുപ്പിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 32 കമ്പനികള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."