ക്ഷേമ പദ്ധതികളുടെ പ്രയോജനം എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ മത ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് മന്ത്രി കെ. ടി ജലീല്‍. സെക്രട്ടേറിയറ്റ് അനക്സില്‍ സംഘടിപ്പിച്ച മുസ്ലിം, ക്രൈസ്തവേതര മതന്യൂനപക്ഷങ്ങളായ സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളുടെ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനാല്‍ ന്യൂനപക്ഷമായതില് സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്ത ഒരു സാഹചര്യവും ഉണ്ടാകാതിരിക്കാന്‍ അതതു ന്യൂനപക്ഷ വിഭാഗങ്ങളെ നേരിട്ട് കേള്‍ക്കാനും സാധ്യമായത് ചെയ്യാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു യോഗം. ജൈന സമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട്, വയനാട്, കൊച്ചി, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു. ബുദ്ധ മതത്തെ പ്രതിനിധീകരിച്ച് അഭയലോക ബുദ്ധിസ്റ്റ് കമ്യൂണിറ്റി, ഇന്റര്‍നാഷനല്‍ ബുദ്ധിസ്റ്റ് യൂത്ത് ഓര്ഗനൈസേഷന്, ബുദ്ധിസ്റ്റ് കൗണ്‍സില്‍ കേരള ആന്‍ഡ് ദി ബുദ്ധിസ്റ്റ് റിസേര്‍ച് സെന്റര്‍, പ്രബുദ്ധ ഭാരത് സംഘ് നേതാക്കള്‍ പങ്കെടുത്തു. പാര്‍സി സമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് പാര്‍സി അഞ്ചുമാന്‍ പ്രസിഡന്റ് മാര്‍ഷല്‍ ദാരിയസ്, സിഖ് സമുദായത്തെ പ്രതിനിധീകരിച്ച് കൊച്ചിയിലെ സിഖ് സമുദായ നേതാവ് ബാന്റി സിങ് എന്നിവരും പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന് കുട്ടി സ്വാഗതവും ന്യൂനപക്ഷ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."