ആനകളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വനംവകുപ്പ് കര്‍ശനമാക്കുന്നു
മുക്കം: സംസ്ഥാനത്ത് ചെരിഞ്ഞ ആനകളുടെ പോസ്റ്റുമോര്‍ട്ടവും മറവ് ചെയ്യലും കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് വനം വകുപ്പ് ഇതിനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ബന്ധപ്പെട്ടവര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് 2012ലെ കേരള നാട്ടാന (കാര്യ കര്‍ത്തവ്യവും പരിപാലനവും) ചട്ടം (13) പ്രകാരം സംസ്ഥാന വനം വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നാട്ടാന ചെരിഞ്ഞാല്‍ ഇനിമുതല്‍ 24 മണിക്കൂറിനുള്ളില്‍ വിവരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ ബന്ധപ്പെട്ട ഓഫിസറെയോ അറിയിക്കണം. പോസ്റ്റുമോര്‍ട്ടം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടേയോ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടേയോ ഫോറസ്റ്റ് വെറ്റിനറി ഓഫിസറുടേയോ സാന്നിധ്യത്തില്‍ ആയിരിക്കണം.
പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പുള്ള മഹസ്സര്‍ റിപ്പോര്‍ട്ടില്‍ ആനയുടെ ശരീരത്തിലെ ബാഹ്യമായ പരിക്കുകള്‍, വ്രണങ്ങള്‍, രക്തസ്രാവം തുടങ്ങിയവ വ്യക്തമായി രേഖപ്പെടുത്തണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാധാരണയായി ആനയുടെ ആന്തരികാവയവങ്ങളുടെ കാര്യങ്ങളാണ് രേഖപ്പെടുത്തി വെക്കാറുള്ളത്.
എന്നാല്‍ ഇനി മുതല്‍ ആന്തരികവും ബാഹ്യവുമായി കാണുന്ന എല്ലാ പരുക്കുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പും ശേഷവുമുള്ള ആനയുടെ കൊമ്പിന്റെ അളവ്, കൊമ്പിന്റെ തൂക്കം, കൊമ്പ് ആരുടെ കസ്റ്റഡിയില്‍ ആണെന്ന വിവരം എന്നിവയും കൃത്യമായി രേഖപ്പെടുത്തണം.
2012ലെ കേരള നാട്ടാന ചട്ടത്തില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ രജിസ്റ്ററുകളും രേഖകളും തിരികെ വാങ്ങി ബന്ധപ്പെട്ട ഓഫിസുകളില്‍ സൂക്ഷിക്കുകയും മരണപ്പെട്ട ആനയുടെ മൈക്രോചിപ്പ് നശിപ്പിച്ചതിനു ശേഷം വിവരം മഹസ്സറില്‍ രേഖപ്പെടുത്തുകയും വേണം. വിശദമായ റിപ്പോര്‍ട്ടും മഹസ്സര്‍ പകര്‍പ്പും 7 ദിവസത്തിനകവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 15 ദിവസത്തിനകവും ഇനിമുതല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം.
സംസ്ഥാനത്ത് ചെരിയുന്ന ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേടുകള്‍ കൂടിയതുമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ആനകളുടെ കൊമ്പ് മുറിച്ച് ക്രമപ്പെടുത്തുന്നതിന് വേണ്ടിയുള്ള കര്‍ശന നിര്‍ദേശങ്ങളും വനംവകുപ്പ് ഇതിനോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."