മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്:വെള്ളാപ്പള്ളി അടക്കമുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വെള്ളാപ്പള്ളിക്കും മറ്റ് പ്രതികളായ എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ഡോ ദിലീപ് എന്നിവര്‍ക്കുമെതിരേ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
എസ്.എന്‍.ഡി.പിക്കെന്ന പോലെ മറ്റേതെങ്കിലും സംഘടനകള്‍ക്ക് നല്‍കിയ പണം വക മാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്. കേരളത്തിനകത്ത് നടന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തേണ്ട അന്വേഷണത്തില്‍ വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമെങ്കില്‍ തേടാം. ആവശ്യപ്പെട്ടാല്‍ ഇതിനായി മതിയായ ഉദ്യോഗസ്ഥരെ അനുവദിക്കണം.
അന്വേഷണം എട്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. എസ്.എന്‍.ഡി.പി യോഗത്തിന് മൈക്രോ ഫിനാന്‍സ് പദ്ധതി നടത്താനുള്ള യോഗ്യതയില്ലെന്നും തുക അനുവദിച്ചതും വിതരണം ചെയ്തതുമടക്കമുള്ള ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്.
എന്നാല്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി നജീബിനെ കേസില്‍ നിന്ന് കോടതി ഒഴിവാക്കി. മൈക്രോ ഫിനാന്‍സ് ക്രമക്കേടിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും നജീബും നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരജി പരിഗണിക്കവെ വെള്ളാപ്പള്ളി നടേശനും നജീബും ഗൂഡാലോചന നടത്തിയെന്ന ബിജു രമേശിന്റെ മൊഴി മാത്രമാണ് വിജിലന്‍സിന്റെ കൈവശമുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി. നജീബും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്ത ബോര്‍ഡാണ് എസ്.എന്‍.ഡി.പിക്ക് ഫണ്ട് അനുവദിച്ചത്. ഫണ്ട് നല്‍കിയെന്നല്ലാതെ അതിന്റെ വിനിയോഗത്തില്‍ നജീബിന് പങ്കില്ല.
നജീബ് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ആയിരുന്നപ്പോള്‍ ബിജു രമേശിന്റെ പിതാവിന്റെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് ചിലപ്പോള്‍ വ്യക്തി വിരോധത്തിന് കാരണമായിട്ടുണ്ടാവാം. ഗൂഢാലോചന നടന്നതിന് വിശ്വാസയോഗ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നജീബിനെതിരായ കേസ് കോടതി ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."