ഒരു തുള്ളി വെള്ളം കൊടുക്കാന്‍ പോലും അവരെന്നെ അനുവദിച്ചില്ല..
പറവൂര്‍: മരിക്കുന്നതിന് മുന്‍പ് അവന് ഒരുതുള്ളി വെള്ളം കൊടുക്കാന്‍ പോലും അവരെന്നെ അനുവദിച്ചില്ല... പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മാതാവ് ശ്യാമള വേദനയോടെ പറഞ്ഞു. പൊലിസ് പിടിച്ചുകൊണ്ടുപോയ മകനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ കാക്കിയിട്ടവരുടെ ക്രൂരത മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിവരിക്കുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പൊലിസ് കൊണ്ടുപോയ അവനെ കാണാന്‍ സ്റ്റേഷന്റെ മുറ്റത്ത് എത്തിയപ്പോള്‍ ശ്രീജിത്തിന് ഇത്തിരി വെള്ളം കൊണ്ടുവന്ന് കൊടുക്കാന്‍ ഒരു പൊലിസുകാരന്‍ പറഞ്ഞു. ഓടിപ്പോയി അടുത്ത വീട്ടില്‍ നിന്ന് വെള്ളം വാങ്ങി സ്റ്റേഷന്റെ മുറ്റത്തെത്തിയപ്പോള്‍, പുറത്തേക്ക് പോകാന്‍ ജീപ്പില്‍ കയറിയ എസ്.ഐവെള്ളം കൊടുത്തു പോകരുതെന്ന് ആക്രോശിച്ച് തന്നെ ഓടിച്ചു വിടുകയായിരുന്നു. വരാപ്പുഴ എസ്.ഐ ദീപക്കാണ് തന്നോടീ കടുംകൈ ചെയ്തത്. കാണാന്‍ പോലും അനുവദിച്ചില്ലെന്നും ശ്യാമള പറഞ്ഞു.
സമയത്തിന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചു. വയറിന് ചവിട്ടേറ്റ് അവന്റെ ആന്തരാവയവങ്ങള്‍ തകര്‍ന്നിരുന്നതായാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. ഭാര്യയും മൂന്നര വയസുള്ള ഒരു മകളുമുണ്ട്. എന്റെ മരുമകള്‍ 25 വയസായപ്പോഴേക്കും വിധവയായി. തന്റെ മകനോട് ഈ കൊടുംക്രൂരത കാണിച്ച പൊലിസുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കണം. തനിക്കുണ്ടായ അനുഭവം വേറൊരു അമ്മയ്ക്കും ഉണ്ടാകരുതെന്നും ശ്യാമള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചേട്ടനെ പൊലിസ് ജീപ്പില്‍ കയറ്റുന്ന സമയത്ത് ഇവന്റെ അനുജനും കൂടി ഉണ്ടെന്ന് ആരോ പറഞ്ഞത് കേട്ടാണ് പൊലിസ് വീണ്ടം വന്ന് തന്നെയും കസ്റ്റഡിയിലെടുത്തതെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് പറഞ്ഞു. യഥാര്‍ഥ പ്രതി വേറെ ഏതോ ശ്രീജിത്താണ് തന്റെ ചേട്ടനല്ല. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി വേണമെന്ന് സജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."