'ഹമാരി മലയാളം' ഡിജിറ്റല്‍ പാഠപുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ സാക്ഷരതാ പാഠാവലി 'ഹമാരി മലയാളം' കൂടുതല്‍ ജനകീയമാകുന്നു. ഇതിന്റെ ഡിജിറ്റല്‍ പാഠപുസ്തകം പുറത്തിറക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന കവലകള്‍, 'ചങ്ങാതി' പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബുക്ക് ജനകീയമാക്കാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പുസ്തകത്തിന്റെ സി.ഡി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകലക്കു നല്‍കി പ്രകാശനം ചെയ്തു.
നേരത്തെ പെരുമ്പാവൂരില്‍ ആരംഭിച്ച ചങ്ങാതി മാതൃകാ പ്രൊജക്ടിന്റെ ഇന്‍സ്ട്രക്ടര്‍മാരായ ആലുവ മാറമ്പള്ളി എം.ഇ.എസ് കോളജിലെ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ഡിജിറ്റല്‍ ബുക്ക് തയാറാക്കിയത്. ഇതിനുള്ള സാങ്കേതിക സഹായം കോളജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നല്‍കിയത്. അധ്യാപകരായ മുരുകന്‍, ഫ്രാന്‍സിസ് സേവ്യര്‍, ജില്‍ജിത്, രാജേഷ് തുടങ്ങിയവരുടെ സഹകരണവും ഡിജിറ്റല്‍ ബുക്ക് പുറത്തിറക്കാന്‍ പ്രയോജനകരമായി. ഡിജിറ്റല്‍ ബുക്ക് സി.ഡിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മാറമ്പള്ളി എം.ഇ.എസ് കോളജിലെ ബി.എസ്‌സി വിദ്യാര്‍ഥിനി അമ്മു ശരതാണ്.
57 പദങ്ങളിലൂടെ മലയാളം, ഹിന്ദി അക്ഷരങ്ങളും വാക്കുകളും ചിത്രങ്ങളുടെ സഹായത്തോടെ 'ഹമാരി മലയാളം' ഡിജിറ്റല്‍ പാഠപുസ്തകം പരിചയപ്പെടുത്തുന്നു. 10 പാഠഭാഗങ്ങളാണ് ഡിജിറ്റല്‍ പുസ്തകത്തിലുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഭൗതിക സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയാണ് ഡിജിറ്റല്‍ പുസ്തകത്തിന്റെ രൂപകല്‍പന. ചങ്ങാതി മാതൃകാ പദ്ധതിയില്‍ 432 പേരാണ് പഠിച്ചുവരുന്നത്. മറ്റു ജില്ലകളിലെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചുകഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് പദ്ധതി പ്രകാരം ക്ലാസുകളിലെത്തുന്ന മൊത്തം പഠിതാക്കളുടെ എണ്ണം 5268 ആയി. ഇവര്‍ക്കായി മൊത്തം 263 പഠനകേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."