'ഞങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്നു സാറേ...'
തിരുവനന്തപുരം: 'കല്യാണം കഴിപ്പിച്ചയച്ച മകളും കുടുംബവും ഞങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്നു സാറെ...' തിരുവനന്തപുരം സ്വദേശികളായ വൃദ്ധദമ്പതികളാണ് മകളുടെ അതിക്രമത്തിനെതിരേ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചത്. ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച കേസ് എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചു.
മനഃസമാധാനത്തോടെ ഒരുപിടി ചോറു പോലും കഴിക്കാനാകാത്ത അവസ്ഥയാണെന്നാണ് പരാതിക്കാരിയായ ഉമ്മ കമ്മിഷന് മുന്നില്‍ പറഞ്ഞത്. 'മകളുടെ വിവാഹ സമയത്ത് ആകെയുണ്ടായിരുന്ന രണ്ടു സെന്റ് വീടും പുരയിടവും അവള്‍ക്ക് എഴുതിക്കൊടുത്തിരുന്നു. പക്ഷേ ഇപ്പോള്‍ അവിടെ താമസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അവര്‍ക്ക് അതിഷ്ടമല്ല.
പോകാന്‍ വേറെ ഇടമില്ലാത്തതിനാല്‍ അവിടെ ഒരു മൂലയില്‍ ചുരുണ്ടുകൂടും. പുറത്തു വച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇപ്പോള്‍ ഭക്ഷണം കഴിക്കാനെടുക്കുമ്പോള്‍ അതിനകത്ത് മുഴുവന്‍ മണ്ണാണ്. മനഃപൂര്‍വം വാരി ഇടുന്നതാണ്...' പൊട്ടിക്കരഞ്ഞ് ബീമാപ്പള്ളി സ്വദേശിനി ഉമ്മ പറഞ്ഞു. കേസ് അടുത്ത അദാലത്തിലേക്ക് മാറ്റിയെങ്കിലും വനിതാ കമ്മിഷന്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചാണ് അവര്‍ വീട്ടിലേക്കു മടങ്ങിയത്.
എല്ലാ ജില്ലയിലും കൗണ്‍സലിങ് സേവനം നല്‍കാനും കമ്മിഷന്റെ മേഖലാ ഓഫിസ് രണ്ടു മാസത്തിനകം കോഴിക്കോട്ട് ആരംഭിക്കാനും തീരുമാനിച്ചതായി അംഗങ്ങളായ ഇ.എം രാധയും ഷാഹിദാ കമാലും അറിയിച്ചു. ഇതിനുള്ള പദ്ധതികള്‍ക്കു സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. കൂടാതെ വയനാട്ടിലെ അവിവാഹിതരായ അമ്മമാര്‍ക്ക് നിയമസഹായം നല്‍കുന്നതിനും ഈ വര്‍ഷം പദ്ധതി നടപ്പാക്കുമെന്ന് കമ്മിഷനംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."