ബോക്സിങ് ഇതിഹാസത്തിന്റെ ഓര്‍മകളില്‍ ജെ.ഡി.ടി
കോഴിക്കോട്: കഴിഞ്ഞദിവസം അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഓര്‍മകളിലാണ് ജെ.ഡി.ടി ഓര്‍ഫനേജ്. മുഹമ്മദ് അലി കായിക രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് കോഴിക്കോട്ടെ ജെ.ഡി.ടിയില്‍ എത്തുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ജെ.ഡി.ടി മുന്‍ സെക്രട്ടറി ഹസന് ഹാജിയുടെ പരിചയം വഴിയാണ് അദ്ദേഹത്തിന് കേരളത്തിലേക്ക് വാതില്‍ തുറന്നത്. ഹസന് ഹാജിയുടെ ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്ന മകന് ഹിഷാം ഹസന് ആദിനങ്ങള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്.
ഉപ്പയോടൊപ്പം സഊദി രാജാവിന്റെ അതിഥിയായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയപ്പോള്‍ തങ്ങളോടൊപ്പം അന്ന് അമേരിക്കയില്‍ നിന്ന് രാജാവിന്റെ അതിഥിയായി മുഹമ്മദ് അലിയും ഭാര്യയുമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഏഴുദിവസം ചെലവഴിച്ചു.
കേരളത്തില്‍ വരണമെന്ന ഹസന് ഹാജിയുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ഭാര്യയൊടൊപ്പം 1989ല്‍ ഡിസംബര്‍ 31ന് ജെ.ഡി.ടിയില്‍ വരികയും അനാഥ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ഹസന് ഹാജിയും ഭാര്യയും അമേരിക്കയിലെ മുഹമ്മദ് അലിയുടെ വസതിയിലേക്ക് പോവുകയും ചെയ്തിരുന്നു. വളരെ നല്ല പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെതെന്നും ലോകം മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയുമായി ചെലവഴിക്കാന്‍ കിട്ടിയ അവസരം ഒരിക്കലും മായാതെ മനസിലുണ്ടാകുമെന്നും ഹിഷാം പറഞ്ഞു. ഉമ്മ പാചകം ചെയ്ത ഭക്ഷണം അദ്ദേഹത്തിന് ഏറെ ഇഷ്ടമായെന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."