ഒരു റോമന്‍ വീരഗാഥ
റോം: ചുമ്മാ വന്ന് ജയിച്ചു പോകാമെന്ന് കരുതിയ ബാഴ്സലോണക്ക് തെറ്റി. മൂന്ന് ഹോം ഗോളുകളുടെ മുന്‍തൂക്കവുമായി റോമയിലെത്തിയ മെസ്സിയെയും സംഘത്തെയും യുസെബിയോ ഡി ഫ്രാന്‍സിസ്കോയുടെ കുട്ടികള്‍ കണ്ടം വഴി ഓടിച്ചു. ബാഴ്സലോണയില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ നേടിയ 4-1 എന്ന ലീഡില്‍ അനായാസം റോമയെ കീഴടക്കി സെമിയില്‍ പ്രവേശിക്കാനെത്തിയ ബാഴ്സലോണയെ 3-0ത്തിന് തകര്‍ത്താണ് ഡി റോസിയും സംഘവും തിരിച്ചയച്ചത്.
ഇരുപാദങ്ങളിലുമായി അഗ്രഗേറ്റ് സ്കോര്‍ 4-4 ആയതിനാല്‍ എവേ ഗോള്‍ ബലത്തില്‍ റോമ സെമിയില്‍ പ്രവേശിച്ചു. 1983-84ന് ശേഷം ആദ്യമായാണ് റോമ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ആറാം മിനുട്ടില്‍ എഡിന് സെക്കോയാണ് റോമന്‍ പടയോട്ടത്തിന് തിരി കൊളുത്തിയത്. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് ഡി റോസി ഉയര്‍ത്തി നല്കിയ പന്ത് സെക്കോ അനായാസം വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ബാഴ്സലോണ കിണഞ്ഞ് ശ്രമിച്ചെങ്കിലും റോമന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ അലിസണിന്റെ ഉഗ്രന്‍ സേവുകളും രക്ഷയായി. 58ാം മിനുട്ടില്‍ സെക്കോയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഡാനിയേലെ ഡി റോസി ബാഴ്സലോണയെ വീണ്ടും ഞെട്ടിച്ചു. 82ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് കോസ്റ്റസ് മനോലസ് ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തു.
സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് കിരീടമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. സ്വന്തം തട്ടകത്തില്‍ 2-1 ന്റെ അപ്രതീക്ഷിത തോല്‍വിയുമായാണ് സിറ്റി കളംവിട്ടത്.
കളിയിലൂടനീളം മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവ് സിറ്റിയെ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇരു പാദങ്ങളിലുമായി 5-1 ന്റെ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍ അനായാസം സെമിയില്‍ പ്രവേശിച്ചു. ലിവര്‍പൂളിന് വേണ്ടി സലാഹ് (56), ഫിര്‍മിനോ (77) എന്നിവര്‍ വല ചലിപ്പിച്ചു. മത്സരത്തിന്റെ 69 ശതമാനം പന്ത് കൈവശം വച്ച മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂള്‍ ഗോള്‍മുഖത്തേക്ക് നിരന്തരം അക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗബ്രിയേല്‍ ജീസസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തന്ത്രം മാറ്റി യുര്‍ഗന്‍ ക്ലോപ്പ് നടത്തിയ നീക്കം ഫലം കണ്ടതോടെ ലിവര്‍പൂള്‍ അവസാന നാലിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."