റേഡിയോ ജോക്കിയുടെ കൊലപാതകം തുണയായത് കാറിന്റെ ദൃശ്യങ്ങള്‍; രണ്ടാഴ്ചത്തെ പഴുതടച്ച അന്വേഷണം
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയെ മടവൂരില്‍ വെട്ടി കൊന്ന സംഭവത്തില്‍ പൊലിസിന് തുണയായത് കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസിന് തുമ്പുണ്ടാക്കാനും പ്രധാന പ്രതികള്‍ ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റു ചെയ്യാനും സാധിച്ചു. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുള്ളു.
കഴിഞ്ഞ മാസം 27നാണ് മുന്‍ റേഡിയോ ജോക്കി രാജേഷി (35) മടവൂര്‍ പോസ്റ്റാഫിസ് ജങ്ഷനിലെ കടമുറിക്കുള്ളില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ വെള്ളല്ലൂര്‍ സ്വദേശി കുട്ടനെ വെട്ടി പരിക്കേല്‍പ്പിച്ച് ഓടിച്ച ശേഷമാണ് രാജേഷിനെ ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. കുട്ടന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി സംഘം എത്തിയത് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാറിലായിരുന്നു എന്ന വിവരം പൊലിസിന് ലഭിക്കുന്നത്.
റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് പ്രദീപ്കുമാര്‍, എം. അനില്‍കുമാര്‍, പി.വി രമേഷ്‌കുമാര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്ന് അഞ്ച് സംഘംങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രണ്ടാം പ്രതി അപ്പുണ്ണി എന്ന രാജനും, കൊലക്ക് ക്വട്ടേഷന്‍ നല്‍കിയ വിദേശ മലയാളി സത്താറും ആണ് പിടിയിലാകാനുള്ളത്.അടുത്ത ദിവസങ്ങളില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് റൂറല്‍ എസ്.പി അശോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി തന്‍സീര്‍ (24), കുരീപ്പുഴയില്‍ വാടകക്ക് താമസിക്കുന്ന സനു (33), ഓച്ചിറ മേമന വലിയകുളങ്ങര സ്വദേശി യാസിന്‍ മുഹമ്മദ് (23), കുണ്ടറ ചെറുമൂട് സ്വദേശി സ്വാതി സന്തോഷ് (സ്ഫടികം, 23) എന്നിവരെയാണ് പൊലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനടുത്ത് കായലില്‍ നിന്നും കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഖത്തറിലുള്ള സത്താറിന്റെ ബിസിനസും കുടുംബവും തകര്‍ത്തത്തിലുള്ള പകയാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായതും കൊലയിലേക്ക് നയിച്ചതും. തെളിവെടുപ്പിന്റെ ഭാഗമായി സത്താറിന്റെ ഭാര്യയെ നാട്ടിലെത്തിക്കാന്‍ സാധ്യതയുണ്ട്. രണ്ടാംപ്രതി അപ്പുണ്ണിയുടെ അറസ്റ്റോടെ മാത്രമേ കേസില്‍ പൂര്‍ണത വരികയുള്ളു. അറസ്റ്റിലായ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."