ട്രാഫിക് എസ്.ഐ നടപടിക്കിറങ്ങിയത് നിയമ ലംഘനത്തിന് ചൂട്ടുപിടിച്ച്
തൊടുപുഴ: നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരേ നടപടി സ്വീകരിക്കാന്‍ ട്രാഫിക് എസ്.ഐ ഇറങ്ങിയത് ഒപ്പമുള്ളവരെങ്കിലും നിയമം അനുസരിക്കുന്നുണ്ടോയെന്നു നോക്കാതെ.
എസ്.ഐയുടെ ഡ്രൈവറുടെ നിയമലംഘനം വീഡിയോയില്‍ പകര്‍ത്തിയതോടെയാണു സംഭവം വിവാദമായത്. കഴിഞ്ഞദിവസം ഒരു പത്രത്തില്‍ ഫുട്പാത്തുകള്‍ കൈയേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് ചൂണ്ടിക്കാട്ടി വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്നാണ് തൊടുപുഴ ഡി.വൈ.എസ്.പി ട്രാഫിക്ക് എസ്.ഐയെ ശകാരിച്ചത്. തുടര്‍ന്ന് ട്രാഫിക്ക് എസ്.ഐ വേണുഗോപാലന്‍ നായര്‍ അനധികൃത പാര്‍ക്കിങ്ങുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡ്രൈവറെയും കൂട്ടി ഇറങ്ങുകയായിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്നതാണ് പ്രശ്‌നമായത് എന്നതുകൊണ്ടുതന്നെ തൊടുപുഴ പ്രസ് ക്ലബ്ബും പരിസരവുമായിരുന്നു എസ്‌ഐയുടെ ഉന്നം. പ്രസ്‌ക്ലബ്ബിനു സമീപത്തുകിടന്ന വാനങ്ങള്‍ക്കെല്ലാം എസ്‌ഐയുടെ നേതൃത്വത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു. ഇവിടെ റോഡിന്റെ സൈഡ് ലൈനുംവിട്ട് കിടന്ന വാഹനങ്ങളോടും ദാക്ഷിണ്യം കാണിച്ചില്ല. അപകടകരമായ പാര്‍ക്കിങ് എന്നായിരുന്നു വിശദീകരണം. കൂടുതല്‍ അറിയണമെങ്കില്‍ വാര്‍ത്ത കൊടുത്ത പത്രത്തിന്റെ ഓഫിസില്‍ ചെന്ന് അന്വേഷിക്കാനും എസ്‌ഐ പറഞ്ഞു. അതേസമയം, പ്രസ് ക്ലബ്ബിന്റെ നൂറുമീറ്ററിന് അപ്പുറവും ഇപ്പുറവും റോഡില്‍ തന്നെ പാര്‍ക്ക് ചെയ്തിരുന്ന വക്കീലന്‍മാരുടെയും ബാങ്കുകളുടെയുമൊന്നും വാഹനങ്ങള്‍ എസ്‌ഐയുടെ ശ്രദ്ധയില്‍പ്പെട്ടതുമില്ല. എസ്‌ഐയുടെ പക്ഷപാതപരമായ പെരുമാറ്റമാണ് ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയത്. അപ്പോഴാണ് എസ്‌ഐയുടെ ഡ്രൈവര്‍ നിയമം ലംഘിച്ച് സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് വാഹനം ഓടിക്കുന്നതെന്നു വ്യക്തമായത്.
ഒപ്പമുള്ള ഡ്രൈവറുടെ അടുത്തുപോലും നിയമം നടപ്പാക്കാതെ എസ്‌ഐ റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കു സ്റ്റിക്കര്‍ പതിക്കാന്‍ ഇറങ്ങിയത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. വിഷുവും വേനലവധിയും തൊടുപുഴ ക്ഷേത്രത്തിലെ ഉത്സവവും കാരണം തൊടുപുഴ നഗരത്തില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ മറ്റുള്ളവരെ ബാധിക്കാത്ത വിധം പാര്‍ക്ക് ചെയ്താലും വിടില്ലെന്നാണ് പൊലിസിന്റെ നിലപാട്. നഗരത്തില്‍ വാഹന പാര്‍ക്കിങ് ഏര്‍പ്പെടുത്തേണ്ടത് നഗരസഭയുടെ ബാധ്യതയാണെന്നു ചൂണ്ടിക്കാട്ടി പൊലിസ് കൈകഴുകയും ചെയ്യുന്നു.
ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ നിയമലംഘനം മറച്ചുവച്ച് വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കാനിറങ്ങിയ എസ്‌ഐയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഡ്യൂട്ടിക്കിടെ എസ്‌ഐ വേണുഗോപാലന്‍നായരും ഡ്രൈവറും കാട്ടിയ നിയമലംഘനം അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലിസ് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."