ദലിത് ഹര്‍ത്താല്‍; 37 പേര്‍ക്കെതിരെ നെടുങ്കണ്ടം പൊലിസ് കേസെടുത്തു
നെടുങ്കണ്ടം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നെടുങ്കണ്ടം ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ 37 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ നെടുങ്കണ്ടം പൊലിസ് കേസെടുത്തു.
ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കിഴക്കേ കവലയിലുണ്ടായ തര്‍ക്കം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ഐക്യ സമര സമിതി കണ്‍വീനറും നെടുങ്കണ്ടം പഞ്ചായത്തംഗവുമായ അജീഷ് മുതുകുന്നേലിനെ എഎസ്‌ഐ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ഹര്‍ത്താലനുകൂലികളുടെ വാദം. എന്നാല്‍ വാഹനം തടഞ്ഞ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ചതുമാത്രമാണെന്നും സ്ഥലത്ത് നടന്നത് കൈയേറ്റമല്ലെന്നും നെടുങ്കണ്ടം പൊലിസ് പറയുന്നു. എന്നാല്‍ ദലിത് സംഘടനകള്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. പൊലിസ് ഉദ്യോഗസ്ഥന്‍ മുന്‍വൈരാഗ്യത്തോടെ പെരുമാറിയെന്നാണ് സംഘടന നേതാക്കളുടെ ആരോപണം. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം മേഖലയില്‍ സംയുക്ത ദലിത് സമരസമിതി പോസ്റ്ററൊട്ടിച്ചു.
നടപടി സ്വീകരിച്ചില്ലെങ്കില്‍ നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത് അടക്കമുള്ള സമരങ്ങളുമായി ദലിത് സംയുക്ത സമര സമിതി രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പട്ടിക ജാതി-വര്‍ഗ പീഡന നിരോധന നിയമം ശക്തമാക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്.
ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ദലിത് ഫെഡറേഷന്‍, ചേരമ സാംബവ ഡെപലപ്‌മെന്റെ സൊസൈറ്റി, കേരള പുലയര്‍ മഹസഭ, കേരള ദലിത് ഫെഡറേഷന്‍, പ്രത്യക്ഷ രക്ഷ ദൈവസഭ, ആര്‍എസ്പി, കെഡിവൈഎഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."