നാടൊരുമിച്ചു: തങ്കമണിക്കു വീടായി
കല്ലൂര്‍: പട്ടയം ഇല്ലാത്ത മൂന്നു സെന്റു സ്ഥലത്തു ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിത്യരോഗം മൂലം ദുരിതക്കയം താണ്ടുന്ന കല്ലൂര്‍ ഭരത സ്വദേശി തങ്കമണിക്കാണു നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ശ്രമദാനത്തിലൂടെ സ്വപ്നതുല്യമായൊരു വീടൊരുങ്ങിയത്. കല്ലൂര്‍ ഭരത ചെമ്പംകണ്ടം റോഡില്‍ തകര്‍ന്നു കിടന്ന കൂരയിലാണു കാലങ്ങളായി തങ്കമണിയും കുടുംബവും താമസിച്ചിരുന്നത്. അടച്ചുറപ്പില്ലാതെ ചോര്‍ന്നൊലിച്ചു കിടന്ന ഷെഡില്‍ താമസിച്ചിരുന്ന തങ്കമണിയുടെ ഭര്‍ത്താവും മകനും മരിച്ചതോടെയാണു ഇവര്‍ തുണയില്ലാതായത്.
ഇതിനിടെ മകള്‍ ഉണ്ണിയാര്‍ച്ചയെ ഇതര സംസ്ഥാന തൊഴിലാളിയായ കൈലാസ് വിവാഹം കഴിച്ചെങ്കിലും തങ്കമണിയുടെ ഒരുവശം തളര്‍ന്നതോടെ വീണ്ടും ദുരിത ജീവിതമായി. കൈലാസിന്റെ തുച്ഛവരുമാനവും തങ്കമണിയുടെ ചികിത്സയും ഇവരുടെ കുടുംബത്തെ പിന്നെയും തളര്‍ത്തി. സ്ഥലത്തിനു പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്താനും തടസമായി. താമസിക്കുന്ന വീട് ഏതു സമയത്തും തകര്‍ന്നു വീഴുമെന്ന നിലയിലാണു തൃക്കൂര്‍ പഞ്ചായത്തംഗം ശ്രീജ അനില്‍ മുന്‍കൈയെടുത്തു തങ്കമണിയുടെ മകള്‍ ഉണ്ണിയാര്‍ച്ചയെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ ഭവനസഹായനിധി രൂപീകരിച്ചു. ഭരത പള്ളി വികാരി ഫാ. ജിയോ തരകന്‍ രക്ഷാധികാരിയായ സമിതി അഞ്ചു ലക്ഷം രൂപ സമാഹരിച്ചു. 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ ദാനം ഭരത പള്ളി വികാരി ഫാ. ജിയോ തരകന്‍ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ശ്രീജ അനിലും വീടു നിര്‍മാണത്തിനു കൈതാങ്ങായി നിന്നവരും ചടങ്ങിനു സാക്ഷ്യം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."