അഴിയൂരില്‍ സി.പി.എമ്മുകാര്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് കുത്തേറ്റു
വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഇയാളെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പത്ത് കിഷോറിനാണ് (38) പരുക്ക്. പാറപറമ്പത്ത് ലക്ഷംവീട് കോളനി പരിസരത്ത് ചൊവ്വാഴ്ച രാത്രി മദ്യപിക്കുന്നതിനിടയിലാണ് സംഭവമെന്ന് ചോമ്പാല പൊലിസ് അറിയിച്ചു.
പഴയകാര്യങ്ങളെ കുറിച്ചുള്ള സംസാരം വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. കിഷോറിന്റെ കാലിന് ആഴത്തില്‍ കുത്തേറ്റു. ഇതു സംബന്ധിച്ച് ലക്ഷംവീട് കോളനിയിലെ ഫസലൂവിന്റെ പേരില്‍ കേസെടുത്തു.
ഒരു വര്‍ഷം മുന്‍പു ഫസലുവിനെ അക്രമിച്ചതിനു കിഷോറിന്റെ പേരില്‍ കേസുണ്ട്. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിനുപിന്നിലെന്ന് പൊലിസ് പറഞ്ഞു.
സി.പി.എം അക്രമി സംഘത്തിലെ കണ്ണികളായാണ് ഇരുവരും അറിയപ്പെടുന്നത്. പല കേസുകളിലും പ്രതികളാണ് ഇവര്‍. കോറോത്ത് റോഡിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ പൊലിസിന് ലഭിച്ചിട്ടും ശക്തമായ നടപടി സ്വീകരിക്കാത്തതാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഈ പ്രദേശത്ത് അനധികൃത മണല്‍ കടത്തും ഗുണ്ടാ പിരിവും വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം സംഘങ്ങള്‍ക്ക് പണം കൊടുത്താല്‍ ഏത് നീര്‍ത്തടവും മണ്ണിട്ട് നികത്താമെന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."