കറുവ മൊയ്തുവിന്റെ മരണം: വിടവാങ്ങിയത് കമ്പളക്കാടിന്റെ പ്രഭാതമുഖങ്ങളിലൊന്ന്
കമ്പളക്കാട്: നേരം പുലരുന്നതിന് മുന്‍പ് കമ്പളക്കാട് ടൗണിലെത്തുന്ന മുഖങ്ങളിലൊന്നായിരുന്നു ഇന്നലെ അന്തരിച്ച കറുവ മൊയ്തുവിന്റേത്. കഴിഞ്ഞ 22 വര്‍ഷമായി കമ്പളക്കാടിന്റെയും പരിസര പ്രദേശങ്ങളിലെയും ആളുകള്‍ക്ക് മുന്നിലേക്ക് വാര്‍ത്തകളുടെ പത്രത്താളുകളുമായി മൊയ്തുവെത്താന്‍ തുടങ്ങിയിട്ട്.
സുബ്ഹി ബാങ്കിന് മുന്‍പ് ടൗണിലെത്തി തന്റെ ഏജന്‍സിക്ക് കീഴിലെത്തിയ പത്രങ്ങളെ വ്യത്യസ്ത മേഖലകളിലേക്കുള്ളതാക്കി തരം തിരിച്ച് പത്രവിതണരത്തിന്റെ ആദ്യപടി ആരംഭിക്കുന്ന മൊയ്തു ജോലിയോട് കാണിച്ചിരുന്ന ആത്മാര്‍ഥത ഏവരുടെയും പ്രശംസക്ക് പാത്രമായതാണ്. സുബ്ഹി നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ നിന്നിറങ്ങുന്നവര്‍ക്കെല്ലാം പത്രവിതരണം നടത്തിയാണ് ഒരു ദിവസത്തെ ജോലി മൊയ്തു ആരംഭിക്കാറ്.
1997 കാലത്താണ് മൊയ്തു പത്രവിതരണ രംഗത്തേക്ക് വരുന്നത്. അന്നുമുതല്‍ മലായാള മനോരമയുടെയും ചന്ദ്രികയുടെയും ഏജന്റായിരുന്നു. പിന്നീട് കാലത്തിനൊപ്പം സഞ്ചരിച്ച് മാധ്യമം തുടങ്ങി സുപ്രഭാതം വരെയുള്ള പത്രങ്ങളും കമ്പളക്കാട് പ്രദേശത്തെ പകുതിയിലധികം ആളുകളുടെയും കയ്യിലെത്തിയത് മൊയ്തു വഴിയായിരുന്നു. കാല്‍നടയായി പത്രവിതരണം തുടങ്ങി, സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടായിരുന്നു പതിറ്റാണ്ടുകളുടെ പത്രവിതരണം മൊയ്തു നടത്തിയത്. ടൗണിലെ ഏജന്റുമാര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ മാതൃഭൂമി അടക്കമുള്ള പത്രങ്ങളും മൊയ്തു വിതരണം ചെയ്യുന്നുണ്ടായിരുന്നു. മുളപറമ്പത്ത് ജുമാമസ്ജിദിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന മൊയ്തു മുസ്‌ലിം ലീഗിന്റെയും പ്രവര്‍ത്തകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."