256 ഇനം വിത്തുകളെ പരിചയപ്പെടുത്തി തിരുനെല്ലി വിത്തുത്സവം സമാപിച്ചു
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിത്തുത്സവം സമാപിച്ചു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു ഉദ്ഘാടനം നിര്‍വഹിച്ച വിത്തുത്സവത്തില്‍ പനവല്ലി തണല്‍ സംഘടനയുടെ ഇരുന്നൂറ്റിഅമ്പത്താറിനം പരമ്പരാഗത വിത്തിനങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കും ഉണ്ടായിരുന്നു.
തമിഴ്‌നാട്ടിലെ എറ്റവും പിന്നാക്ക വിഭാഗക്കാരുടെ 'പോര്‍ഗൈ' എന്ന സംഘടന ജൈവ പരുത്തിയില്‍ നിന്ന് ഉണ്ടാക്കിയ വസ്ത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. പച്ചവെള്ളം മാത്രം ഉപയോഗിച്ച് പരുത്തി കൃഷി ചെയ്ത 'തുല'എന്ന കര്‍ണാടകയിലെ സംഘടനയുടെ ഉല്‍പന്നങ്ങളും തൃശിലേരി പവര്‍ലൂം സൊസൈറ്റിയുടെ കൈത്തറി വസ്ത്രങ്ങളും സ്റ്റാളിനു മാറ്റു കൂട്ടി.
കേരള ജൈവകര്‍ഷക സമിതിയുടെ നൂറില്‍പ്പരം വിവിധ ഇനം പയറുവര്‍ഗങ്ങളും ചീരയും ഉണ്ടായിരുന്നു.
തിരുനെല്ലി പഞ്ചായത്തിലെ കുടുംബശ്രീകള്‍ക്കു പുറമേ എടവക, പുല്‍പ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീകളുടെ ജൈവകൃഷി ഉല്‍പന്നങ്ങളും അവര്‍ നിര്‍മിച്ച എല്‍.ഇ.ഡി ബള്‍ബുകളും വില്‍പന നടത്തി.
ഇടവക പഞ്ചായത്തിലെ മാനുവല്‍ നടത്തിയ നാടന്‍ വിഭവങ്ങളുടെ പാചകക്കളരിയും കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സാജിത അവതരിപ്പിച്ച ചക്കമാങ്ങ സംസ്‌ക്കരണ ക്ലാസുകളും നടത്തി.
ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, തിരുനെല്ലി ആഗ്രി പ്രൊഡ്യൂസര്‍ കമ്പനി എന്നിവരുടെ ജൈവ അരി, വിവിധ സ്വാശ്രയ സംഘങ്ങളുടെ സ്റ്റാളുകള്‍, ബംഗളൂരു ഐടി ജീവനക്കാരി മീരയുടെ വിവിധ സ്വാഭാവിക മരങ്ങളുടെ പ്രദര്‍ശനം, ഉറവ് സംഘടനയുടെ വിവിധയിനം മുള എന്നിവയും ശ്രദ്ധയാകര്‍ഷിച്ചു. കുടുംബശ്രീ ഭക്ഷ്യമേള, പന്ത്രണ്ട്, എട്ട്, പത്ത് എന്നീ വാര്‍ഡുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ നേടി.
ജൈവകൃഷിയിലും പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിലും വ്യാപനത്തിലും തിരുനെല്ലി വിത്തുത്സവ സംഘാടക സമിതി നടത്തിയ പ്രവര്‍ത്തനങ്ങളെ സിനിമ സംവിധായിക അഞ്ജലീ മേനോന്‍ അഭിനന്ദിച്ചു.
സമാപന സമ്മേളനത്തില്‍ തിരുനെല്ലി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനന്തന്‍ നമ്പ്യാര്‍ അധ്യക്ഷനായി.
ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി പി.കെ സുരേഷ്, തണല്‍ ഡയരക്ടര്‍ ഉഷ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍, തൃശിലേരി ക്ഷീരസംഘം പ്രസിഡന്റ് വി.വി രാമകൃഷ്ണന്‍, തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നന്ദകുമാര്‍, അംഗം സിജിത്ത്, തണല്‍ ആഗ്രോ ഇക്കോളജി കോഡിനേറ്റര്‍ ലെനീഷ്, പ്രോഗ്രാം കണ്‍വീനര്‍ ടി.സി. ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."