ഒരുഭാഗത്ത് ചാലിയാര്‍ സംരക്ഷണ യജ്ഞം; മറുഭാഗത്ത് മലിനീകരണം
മാവൂര്‍: ഒരുഭാഗത്ത്ചാലിയാര്‍ സംരക്ഷണ യജ്ഞംവും മറുഭാഗത്ത് മലിനീകരണം. വഴക്കാട് പഞ്ചായത്തില്‍ തീരവാസികള്‍ പുഴയുടെ കാവല്‍ക്കാര്‍ എന്ന സന്ദേശവുമായി ചാലിയാറില്‍ ശുചീകരണപ്രവൃത്തിയും സമൂഹ കുളിയും സംഘടിപ്പിക്കുമ്പോള്‍ മറുകരയില്‍ മലിനീകരണം നടക്കുന്നത് വിവാദമായി.
മാവൂര്‍ പഞ്ചായത്തില്‍ വിതരണം നടത്താനുള്ള റിങ് കമ്പോസ്റ്റിനുള്ള കോണ്‍ക്രീറ്റ് റിങ്ങുകള്‍ കരാറുകാരന്‍ ചാലിയാര്‍കരയില്‍ വച്ച് നിര്‍മിക്കുന്നതാണ് വിവാദമാകുന്നത്.
ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായുള്ളതാണ് റിങ് കമ്പോസ്റ്റ്. കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഡൊമസ്റ്റിക് യൂനിറ്റുകള്‍ക്ക് നല്‍കാനുള്ളതാണ്. മാവൂര്‍ എളമരം കടവില്‍ റിങ്ങുകള്‍ നിര്‍മിക്കുമ്പോള്‍ സിമന്റും പാറപ്പൊടിയും പുഴയിലേക്ക് ചാലുകളായി ഒഴുകി പുഴ മലിനീകരിക്കപ്പെടുകയാണെന്ന് ആക്ഷേപമുണ്ട്.
ഇവ നിര്‍മിക്കാനാവശ്യമായ വെള്ളവും പുഴയില്‍ നിന്നാണ് എടുക്കുന്നത്.
ഈ പ്രവൃത്തിയുടെ കരാര്‍ എടുത്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയാണ്. ജോലി ചെയ്യുന്നത് മമ്പാട് സ്വദേശിയും. കരാറുകാരന്‍ അദ്ദേഹത്തിന്റെ കോണ്‍ക്രീറ്റ് റിങ് നിര്‍മാണ യൂനിറ്റില്‍ നിര്‍മിച്ചവ പഞ്ചായത്ത് ആസ്ഥാനത്ത് ഇറക്കിക്കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്.
ഊര്‍ക്കടവ് റഗുലേറ്റര്‍ കം-ബ്രിഡ്ജിന്റെ ഷട്ടറുകള്‍ പൂര്‍ണമായും താഴ്ത്തിയാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ഈ നിര്‍മാണം നടത്തുന്നത്.
ചാലിയാര്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ പശ്ചാത്തലത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ചാലിയാറിനെ മലിനീകരിക്കുന്നത്.
ഇത് ഒരു കുളിക്കടവാണ്. പ്രവൃത്തി ഒരു ഭാഗത്ത് നടക്കുന്നതിനിടയില്‍ ആളുകള്‍ ഇവിടെ കുളിക്കുന്നുമുണ്ട്. നിര്‍മാണ ഉപകരണങ്ങള്‍ കഴുകുന്നതും പുഴവെള്ളത്തിലാണ്.
ഇത്തരം നൂറ് കണക്കിന് റിങ്ങുകള്‍ നിര്‍മിക്കാനാണ് പദ്ധതി. നിര്‍മാണം പൂര്‍ത്തിയായവ പെട്ടെന്ന് കയറ്റിപോകുന്നുമുണ്ട്. ചാലിയാര്‍ പുഴ സംരക്ഷണ സമിതി ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."