വയനാട് മെഡിക്കല്‍ കോളജ്: 632 കോടിയുടെ പദ്ധതി നിര്‍ദേശം ഇന്‍കല്‍ സര്‍ക്കാരിന് സമര്‍പിച്ചു
കല്‍പ്പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി 632 കോടി രൂപയുടെ പദ്ധതി നിര്‍ദേശം ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജക്ക് ഇന്‍കല്‍ സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചത്.
മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദാന്തരീക്ഷത്തിലൂടെ നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അതിനായുള്ള എസ്റ്റിമേറ്റ് ഉടന്‍ സര്‍ക്കാരില്‍ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു. 100 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക.
30 ഏക്കര്‍ ഭൂമിയില്‍ അക്കാദമിക് ബ്ലോക്ക്, ആശുപത്രി, താമസസൗകര്യം എന്നിവ നിര്‍മിക്കും. 19,626 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള അക്കാദമിക് ബ്ലോക്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിങ്, സെന്‍ട്രല്‍ ലൈബ്രറി, ലക്ചര്‍ തിയറ്റര്‍, ഓഡിറ്റോറിയം, പരീക്ഷാഹാള്‍, ലബോറട്ടറികള്‍ തുടങ്ങിയവ നിര്‍മിക്കും. 38,015 സ്‌ക്വയര്‍ഫീറ്റിലുള്ളതാണ് ആശുപത്രി ബ്ലോക്ക്. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി തുടങ്ങിയവയും അനുബന്ധ വിഭാഗങ്ങളിലുമായി 470 കിടക്കകളുള്ള ആശുപത്രി ബ്ലോക്കാണ് സ്ഥാപിക്കുന്നത്.ഓപ്പറേഷന്‍ തിയറ്ററുകള്‍, ലേബര്‍റൂം, റേഡിയോ ഡയഗ്‌നോസിസ്, അനസ്തീഷ്യോളജി, സെന്‍ട്രല്‍ ലബോറട്ടറി, സെന്‍ട്രല്‍ കാഷ്വാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്, ഫാര്‍മസി, സ്‌റ്റോര്‍ തുടങ്ങിയ സൗകര്യങ്ങളാണൊരുക്കുക.
37,570 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള റസിഡന്‍ഷ്യല്‍ ബ്ലോക്കില്‍ അധ്യാപകര്‍, അനധ്യാപകര്‍, നഴ്‌സുമാര്‍, റസിഡന്റുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള താമസ സൗകര്യങ്ങളൊരുക്കും. സംസ്ഥാന വിഹിതമുള്‍പ്പെടെ അനുവദിച്ച 41 കോടി രൂപ ഉപയോഗിച്ച് മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഈ വര്‍ഷത്തെ ബജറ്റില്‍ 10 കോടിയും അനുവദിച്ചിരുന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, ഇന്‍കല്‍ ചീഫ് എന്‍ജിനീയര്‍ പ്രേംകുമാര്‍ ശങ്കര്‍ പണിക്കര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍, ധനകാര്യവകുപ്പ് അഡീ. സെക്രട്ടറി, എന്‍.എച്ച്.എം ചീഫ് എന്‍ജിനീയര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."