ഒരു വാഹനം, ഒത്തിരി പ്രവര്‍ത്തനങ്ങള്‍
കോഴിക്കോട്: പരാതികളുടെ ആധിക്യത്തിനിടയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന് ജില്ല മുഴുവന്‍ ഓടിയെത്താനായുള്ളത് ആകെ ഒരു വാഹനം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മിഷണര്‍ ഉപയോഗിക്കുന്ന കാലാവധി കഴിയാറായ ടാറ്റാ സുമോ ജീപ്പാണ് ജില്ലയിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ടി വരുന്നത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കീഴില്‍ 13 മേഖലകളിലായി 13 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുമ്പോഴാണ് ഈ ദുരസ്ഥിതി.
പരിമിധികള്‍ക്കിടയിലും വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച് നിശബ്ദ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ജീവനക്കാര്‍ കഴിഞ്ഞ എട്ടുമാസം കൊണ്ട് 61 കേസുകളിലാണു നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തിയ കേസുകള്‍ക്ക് പുറമേയുള്ളവയുടെ എണ്ണമാണിത്. വേനല്‍ക്കാലത്ത് സ്വീകരിക്കേണ്ട പ്രത്യേക ജാഗ്രതയുടെ ഭാഗമായി നിരവധി നടപടികള്‍ക്ക് വകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്.
ഐസ് ഉല്‍പ്പന്നങ്ങളുടെ വില്‍പന വ്യാപകമായതിനാല്‍ ഐസ് നിര്‍മാണ ഫാക്ടറികളില്‍ നിന്നു വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് മലാപ്പറമ്പിലെ റീജ്യനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചത് കൂടാതെ ജ്യൂസ് കടകളില്‍ പരിശോധന ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ജീവനക്കാര്‍.
മോഡല്‍ പഞ്ചായത്തുകളായി കണക്കാക്കി കുന്നുമ്മല്‍, ചോറോട്, ചേമഞ്ചേരി, കടമേരി, തിരുവമ്പാടി, മേപ്പയ്യൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജലപരിശോധന ശക്തമാക്കുന്നുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതോടെ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."