മുക്കുപണ്ടം പണയംവച്ച് ഒന്നേകാല്‍ ലക്ഷം തട്ടിയെടുത്തതായി പരാതി
കുമ്പള: സ്വകാര്യ പണമിടപാട് സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉപ്പള, ഹൊസങ്കടി ബ്രാഞ്ചില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,30, 000 രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, ഹൊസങ്കടി ബ്രാഞ്ച് മാനേജര്‍മാരാണ് മഞ്ചേശ്വരം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യവാരമാണ് രണ്ടു ബ്രാഞ്ചുകളിലും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തിരിക്കുന്നത്.
ഹൊസങ്കടി ബ്രാഞ്ചില്‍ 32ഗ്രാം മുക്കുപണ്ടം നല്‍കി 67,000 രൂപയും ഉപ്പള ബ്രാഞ്ചില്‍ നിന്ന് 30ഗ്രാം പണയപ്പെടുത്തി 65,000 രൂപയുമാണ് തട്ടിയെടുത്തിരിക്കുന്നത്. പണയ സമയത്ത് ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡ് വ്യാജമാണെന്നു പിന്നീടാണ് മനസിലാകുന്നത്.
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചാണു തട്ടിപ്പു നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണെന്ന് മഞ്ചേശ്വരം എസ്.ഐ അനൂപ് കുമാര്‍ പറഞ്ഞു. ഇതുപോലെ നിരവധി തട്ടിപ്പുകള്‍ നടത്തിയിരിക്കാമെന്നും പൊലിസ് പറഞ്ഞു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെക്കാന്‍ കൊണ്ടു പോയാല്‍ പ്യൂരിറ്റി അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് സ്വര്‍ണം വാങ്ങാറുള്ളത്.
പരിശോധനയില്‍ മുക്കുപണ്ടമെന്ന് തെളിയിക്കാന്‍ കഴിയാത്തതില്‍ സ്ഥാപന ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."