പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു.എസില്‍ നിയന്ത്രണമെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: അമേരിക്കയിലെ പാകിസ്താന് നയതന്ത്രജ്ഞര്‍ക്ക് യു.എസ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍. ജോലിക്കായി നിയോഗിച്ച് സ്ഥലങ്ങളില്‍ നിന്ന് 25 മൈല്‍ ദൂര പരിധിയില്‍ മാത്രമേ സഞ്ചരിക്കാവൂവെന്നും ഇതിന് അപ്പുറം സഞ്ചരിക്കേണ്ടവര്‍ ഒരു ദിവസം മുന്‍പെങ്കിലും അനുമതി വാങ്ങണമെന്നും ഡോണ്‍ ദിനപത്രം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലെ പാക് സ്ഥാനപതി കാര്യാലയത്തിനും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കുള്ള നിയന്ത്രണങ്ങള്‍ യു.എസ് നല്കിയ അറിയിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗോത്ര വര്‍ഗ പ്രദേശങ്ങളിലും കറാച്ചിയിലും സഞ്ചരിക്കുന്നതിന് യു.എസ് നയതന്ത്രജ്ഞര്‍ക്കുള്ള നിയന്ത്രണങ്ങളാണ് പരാമര്‍ശമുള്ളത്. എന്നാല്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും എംബസിയും നിഷേധിച്ചിട്ടുണ്ട്. പാകിസ്താന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."