വരാപ്പുഴ സംഭവത്തിനു തുടക്കം സുമേഷുമായുള്ള തര്‍ക്കം
കൊച്ചി: വരാപ്പുഴയില്‍ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് ആക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ മകന്‍ സുമേഷിനെ ആത്മഹത്യ ചെയ്ത വാസുദേവനും കൂട്ടരും അടിച്ച് പരുക്കേല്‍പ്പിച്ചതായി മുളക്കാരന്‍ പറമ്പില്‍ രമയുടെ വെളിപ്പെടുത്തല്‍. വരാപ്പുഴ ദേവസ്വംപാടം ക്ഷേത്രത്തിലെ കൊടിയേറ്റ് നടക്കുന്ന ദിവസം വാസുദേവന്റെ സഹോദരന്‍ ദിവാകരനും സുമേഷും തമ്മില്‍ നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി.സുമേഷിന്റെ സുഹൃത്തുക്കളും സംഭവസ്ഥലത്തുണ്ടായിരുന്നു.
ദിവാകരന്‍ ധരിച്ചിരുന്ന തോര്‍ത്ത് സംബന്ധിച്ച് പിന്നീട് തര്‍ക്കം മൂര്‍ച്ഛിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ദിവാകരന്‍ തോര്‍ത്ത് അന്വേഷിച്ച് വീട്ടിലെത്തി. അപ്പോള്‍ സുമേഷ് ഉറങ്ങുകയായിരുന്നു. മകനോട് മര്യാദയ്ക്ക് നില്‍ക്കണമെന്ന് മുന്നറിയിപ്പും നല്‍കി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഉണ്ണി, വാസുദേവന്‍, വാസുദേവന്റെ മകന്‍ വിനീഷ്, വിമല്‍ എന്നിവരെ കൂട്ടി ദിവാകരന്‍ വീട്ടിലെത്തി സുമേഷിനെ മര്‍ദിച്ചു. ഈസമയത്ത് താന്‍ വീട്ടിലില്ലായിരുന്നു. സുമേഷിന്റെ ഭാര്യ ആര്യയും തന്റെ മകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളുവെന്നും രമ പറഞ്ഞു. വാസുദേവന്‍ വടി കൊണ്ടു തലയ്ക്കടിക്കാന്‍ ഒരുങ്ങിയപ്പോള്‍ സുമേഷ് കൈ കൊണ്ടു തടുത്തു. സുമേഷിന്റെ കാലിനും ചെവിക്കും അടിയേറ്റു.
തുടര്‍ന്നു സുമേഷിന്റെ സുഹൃത്ത് ശ്രീജിത്ത്, വിനു എന്നിവര്‍ ചേര്‍ന്നാണ് സുമേഷിനെ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതെന്ന് ആര്യ പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് ആശുപത്രിയില്‍ എത്തി ആവശ്യമുള്ള സഹായങ്ങള്‍ ചെയ്ത ശേഷം മടങ്ങി. വലതുകൈയുടെ എല്ല് പൊട്ടിയെന്ന് കണ്ടെത്തിയതോടെ രാത്രിയോടെ പറവൂരില്‍നിന്ന് സുമേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു വന്നു.
സുമേഷിനു ശസ്ത്രക്രിയ നടത്തി കൈയ്ക്ക് കമ്പി ഇട്ടു. വാസുദേവന്റെ വീട് ആക്രമിച്ചതാരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് രമ പറഞ്ഞു. എന്നാല്‍ തങ്ങളുടെ വീട് കയറി ആക്രമിച്ചതിന് വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും പൊലിസ് ജനറല്‍ ആശുപത്രിയിലെത്തി സുമേഷിന്റെ മൊഴിയെടുത്തതായും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."