ക്രിമിനല്‍ പൊലിസുകാരെ പുറത്താക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയ 1,129 പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ കേരള പൊലിസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. നടപടികള്‍ സ്വീകരിച്ച ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പൊലിസ് മേധാവിയും 30 ദിവസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. കേരള പൊലിസ് ആക്ടിലെ സെക്ഷന്‍ 86(1) അനുസരിച്ച് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന പൊലിസുദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വ്യവസ്ഥ.
നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കിയ ശേഷം കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കില്‍ സേനയില്‍നിന്ന് നീക്കം ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 1,129 പൊലിസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടും കേരള പൊലിസ് ആക്ടിലെ വ്യവസ്ഥയനുസരിച്ച് നടപടി സ്വീകരിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്ന് ആക്ടിങ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ ചുരുങ്ങിയത് നിയമപരിപാലനത്തില്‍നിന്ന് നീക്കി പൊലിസിന്റെ സിവില്‍ വിഭാഗത്തില്‍ അടിയന്തരമായി മാറ്റി നിയമിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് പുറത്തുവിട്ട ക്രിമിനല്‍ പൊലിസുകാരുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പട്ടികയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതാണ്. കുറ്റക്കാരായ 1,129 ഉദ്യോഗസ്ഥരില്‍ 250 പേര്‍ ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക തയാറാക്കിയത്. 2011-ല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പാനലുണ്ടാക്കിയത്. 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും 230 എസ്.ഐമാരും കേസില്‍ പ്രതികളാണ്. നിയമപരിപാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാകുന്നു എന്ന വിവരം അത്ഭുതപ്പെടുത്തുന്നതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരെ കൈകാര്യം ചെയ്യാനാണ് പൊലിസുദ്യോഗസ്ഥര്‍ക്ക് താല്‍പര്യമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."