ചാരനെതിരേ ആക്രമണം: യു.കെയുടെ കണ്ടെത്തലുകളെ ശരിവച്ച് ഒ.പി.സി.ഡബ്ല്യു
ഹേഗ്: മുന്‍ റഷ്യന്‍ ചാരനെതിരേ നടന്ന വിഷ പ്രയോഗത്തിലെ ബ്രിട്ടന്റെ കണ്ടെത്തലുകള്‍ ശരിവച്ച് അന്വേഷണ സംഘം. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ വച്ച് ചാരന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ യു.കെയുടെ കണ്ടെത്തലുകളോട് യോജിക്കുന്നുവെന്ന് രാസായുധ നിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യു പറഞ്ഞു.
വളരെ ശക്തിയുള്ള വിഷ വസ്തുവാണ് ഉപയോഗിച്ചതെന്ന് ഒ.പി.സി.ഡബ്ല്യു ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് യു.കെ, യു.എസ് ഉള്‍പ്പെടുന്ന സഖ്യകക്ഷികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നാണ് റഷ്യയുടെ വാദം.
ആക്രമണത്തിനായി ഉപയോഗിച്ച വിഷ വസ്തുവിന്റെ പേരും ഒ.പി.സി.ബ്ല്യു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ചത് എന്താണെന്നതിന് സംശയങ്ങളൊന്നുമില്ലെന്ന് യു.കെ വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ചാരനെതിരേയുള്ള ആക്രമണം സംബന്ധിച്ച് മറ്റൊരു വസ്തുതയില്ലെന്നും റഷ്യ മാത്രമാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്കെതിരേയുള്ള വിരുദ്ധ നീക്കമാണിതെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി മരിയ സകറോവ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘമായുള്ള വിരുദ്ധ കാംപയിന്‍ ഇതിന്റെ മുന്‍പൊന്നും കണ്ടിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും നയതന്ത്ര മര്യാദകളും യു.കെ അധികൃതര്‍ അവഗണിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ചാരനെതിരേയുള്ള ആക്രമണം നടന്ന് 15 ദിവസത്തിന് ശേഷം ഒ.പി.സി.ഡബ്ല്യുവിന്റെ പ്രത്യേക അന്വേഷണം സംഘം മാര്‍ച്ച് 19ന് യു.കെ സന്ദര്‍ശിച്ചിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ച സംഘം സ്‌ക്രിപാലിന്റെയും മകളുടെ രക്ത സാമ്പിളുകളും പരിശോധന വിവരങ്ങളും ശേഖരിച്ചിരുന്നു.
അതിന്നിടെ റഷ്യയുടെ നയങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി യു.കെ പ്രധാനമന്ത്രി തെരേസാ മേ രംഗത്തെത്തി. വീണ്ടു വിചാരമല്ലാത്ത നയങ്ങളാണ് റഷ്യ സ്വീകരിക്കുന്നത്. ക്രീമിയെയ കൂട്ടിച്ചേര്‍ത്തത് ഇത്തരത്തിലുള്ള നയങ്ങളുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു.
വിഷ വസ്തു പ്രയോഗത്തെ തുടര്‍ന്ന് ഇരുവരുടെയും ജീവന് ഭീഷണിയുണ്ടായെങ്കിലും മകള്‍ യൂലിയ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് മോചിതയായി. സെര്‍ജി സ്‌ക്രീപാലിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."