ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് മോഹങ്ങള്‍ക്കു തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. ശാരീരികവും സാമ്പത്തികവുമായി കഴിവുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് കര്‍മം നിര്‍ബന്ധമെന്നും ഭിന്നശേഷിയുള്ളവര്‍ക്ക് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
2018- 22 വര്‍ഷത്തേക്കുള്ള ഹജ്ജ് നയം ചോദ്യംചെയ്ത് നല്‍കിയ ഹരജിയില്‍ ഹജ്ജിന്റെ ചുമതലയുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത് ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്നും ഇത്തരം ചില ആളുകള്‍ സഊദിയിലെത്തി ഭിക്ഷാടനം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും ആദ്യമായി വിദേശത്ത് പോകുന്നവരാണെന്നും അവരില്‍ ഭൂരിപക്ഷവും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭിന്നശേഷിക്കാര്‍ ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശനമായ സ്‌ക്രീനിങ്ങിനു ശേഷമെ ഹജ്ജ് അപേക്ഷകരെ തെരഞ്ഞെടുക്കൂ. ഈ നിര്‍ദേശം 2012ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ മുന്നോട്ടുവച്ചിരുന്നു. സഊദിയില്‍ ഭിക്ഷാടനത്തിനു നിരോധനമുള്ള കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇത്തരക്കാര്‍ക്ക് യാതൊരു വിലക്കും സഊദി അറേബ്യ ഏര്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് വിചിത്രവാദങ്ങളുയര്‍ത്തി ഭിന്നശേഷിക്കാരുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ആഗ്രഹത്തിന് മോദി സര്‍ക്കാര്‍ വിലങ്ങിടുന്നതെന്ന് ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കാനായി സഊദി സര്‍ക്കാര്‍ സവിശേഷ വീല്‍ചെയറുകള്‍ നല്‍കുന്ന കാര്യവും ഹരജിക്കാര്‍ ഉന്നയിച്ചിരുന്നു.
മുടന്തന്‍, ഭ്രാന്തന്‍ എന്നീ അര്‍ഥങ്ങളുള്ള പദങ്ങളാണ് ഭിന്നശേഷിക്കാരെ പരാമര്‍ശിക്കാനായി സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത്തരം നിബന്ധനകള്‍ കൊണ്ടുവന്നത് ആര്‍ക്കു വേണ്ടിയാണോ അവര്‍ക്കു മനസിലാവാനാണ് ഈ പദങ്ങള്‍ ഉപയോഗിച്ചതെന്ന ന്യായമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നിരത്തിയത്. ഉര്‍ദുവോ ഹിന്ദിയോ മാത്രമേ അവര്‍ക്കറിയൂ- സത്യവാങ്മൂലം അവകാശപ്പെട്ടു.
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്ന ഹജ്ജ് മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ മാറ്റണമെന്ന് ഭിന്നശേഷിക്കാരുടെ ദേശീയ കൂട്ടായ്മയായ എന്‍.പി.ആര്‍.ഡി കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിക്കാനുണ്ടായിരുന്ന വിലക്ക് നീക്കുമെന്ന് ജനുവരി ആറിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുമുണ്ടായി. ഈ ഉറപ്പുകള്‍ക്ക് വിരുദ്ധമായാണ് മന്ത്രാലയം നല്‍കിയ സത്യവാങ്മൂലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."