മോദിക്കെതിരേ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം
ചെന്നൈ: മാമല്ലപുരത്ത് നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് നരേന്ദ്രമോദി ചെന്നൈയിലെ പരിപാടിക്കെത്തുന്നത് ഹെലികോപ്ടറിലാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കറുത്ത ബലൂണുകള്‍ ആകാശത്ത് ഉയര്‍ത്തിയും പ്രാവുകളുടെ കാലില്‍ കറുത്ത തുണി കെട്ടിയും പ്രതിഷേധം പ്രകടിപ്പിച്ചു. ഡി.എം.കെ നേതാക്കളായ കരുണാനിധി, സ്റ്റാലിന്‍, കനിമൊഴി എന്നിവരുടെ വീടുകളിലും പാര്‍ട്ടി ആസ്ഥാനത്തും കരിങ്കൊടി ഉയര്‍ത്തി.
ചെന്നൈ നഗരത്തിലെ ഭൂരിപക്ഷം സ്ഥലങ്ങളിലും കരിങ്കൊടി ഉയര്‍ന്നു. പ്രധാനമന്ത്രി വന്നിറങ്ങിയ ചെന്നൈ വിമാനത്താവളത്തിലേക്ക് കരിങ്കൊടിയുമായി പ്രകടനം നടത്തിയ മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരായ ഭാരതിരാജ, സീമാന്‍, അമീര്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഡി.എം.കെ നേതാവ് സ്റ്റാലിനും പ്രവര്‍ത്തകരും കറുത്ത ഷര്‍ട്ട് ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്.
മണ്ഡലം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രധാനമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി ഈറോഡിലെ ചിത്തോടില്‍ ധര്‍മലിംഗം(24) എന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലും മോദിക്കെതിരേ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."