എച്ച്.ഐ.വി ബാധയേറ്റ ഒന്‍പതുകാരിയുടെ മരണം: മെഡിക്കല്‍ റെക്കോര്‍ഡുകളും രക്തസാമ്പിളും സൂക്ഷിച്ചുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി : രക്തം സ്വീകരിച്ചതിലൂടെ ആലപ്പുഴ സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡുകളും രക്ത സാമ്പിളും സൂക്ഷിച്ചു വെക്കാന്‍ ആര്‍.സി.ഡി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. രക്താര്‍ബുദം ബാധിച്ച കുട്ടി കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ചിരുന്നു. അര്‍ബുദ ചികിത്സയുടെ ഭാഗമായി ആര്‍.സി.സിയില്‍ വച്ച് രക്തം സ്വീകരിച്ചതിലൂടെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചു എന്നാണ് ആരോപണം.
നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹരജി ഹൈക്കോടതിയിലുണ്ട്. ഇന്നലെ കുട്ടി മരിച്ചെന്ന് വ്യക്തമാക്കി നല്‍കിയ മെമ്മോയെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിച്ചു. രക്തം നല്‍കിയശേഷം ആര്‍.സി.സി നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധയുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഹരജിക്കാരന്റെ ആരോപണം. എന്നാല്‍ ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയില്‍ എച്ച്.ഐ.വി ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടെന്ന് ആര്‍.സി.സി അധികൃതര്‍ ബോധിപ്പിച്ചു. കൂടുതല്‍ പരിശോധനക്കായി രക്ത സാമ്പിള്‍ ഡല്‍ഹിയിലെ നാഷനല്‍ ക്ലിനിക്കല്‍ എക്‌സ്‌പേര്‍ട്ട് പാനലിന് അയച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മാത്രമല്ല, കുട്ടിക്ക് രക്തം നല്‍കിയ കാലയളവില്‍ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്ക് രോഗ ബാധ ഉണ്ടായിട്ടില്ലെന്നും ആര്‍.സി.സി അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് രക്ത സാമ്പിളുകളും മെഡിക്കല്‍ രേഖകളും സൂക്ഷിച്ചു വെക്കാന്‍ ഹൈക്കോടതി ഇടക്കാല നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."