സുന്നി ഐക്യം: ചര്‍ച്ചകള്‍ തുടരുമെന്ന് ജിഫ്രി തങ്ങള്‍
ഫൈസാബാദ് (പട്ടിക്കാട്): സുന്നി ഐക്യ ചര്‍ച്ചകളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടു പോവുമെന്നും ആത്മാര്‍ഥമായാണ് സുന്നികളുടെ ലയന കാര്യത്തില്‍ സമസ്ത നിലകൊള്ളുന്നതെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടന്ന സമസ്ത മധ്യമേഖലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുസംഘടനകളുടേയും അസ്തിത്വം പരിഗണിച്ചു മാന്യമായ ലയനമാണ് ഉദ്ദേശിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയിലേക്ക് സമസ്ത മുശാവറ നാലു പ്രതിനിധികളെ നിയമിക്കുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ഘടകങ്ങളും ചര്‍ച്ച നടത്തി പൂര്‍ത്തിയാകുമ്പോള്‍, ഇതു സംബന്ധിച്ച് നേതൃത്വം തീരുമാനം പ്രഖ്യാപിക്കും. നിലവില്‍ സമസ്തയുടെ സംഘടനാ പ്രവര്‍ത്തന രീതികള്‍ ഒരു മാറ്റമില്ലാതെ തല്‍സ്ഥിതിയില്‍ തന്നെ തുടരുമെന്നും തങ്ങള്‍ പറഞ്ഞു.
സുന്നി ഐക്യചര്‍ച്ച സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളുടെ ഭാഗത്തുനിന്നും സഹകരണവും പിന്തുണയുമുണ്ട്.
എക്യചര്ച്ചക്ക് മുന്‍കൈയെടുത്തത് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ്. രാഷ്ട്രീയപരമായ പുരോഗതിയോ,നഷ്ടങ്ങളോ ചര്‍ച്ചകളുടെ ഭാഗമല്ല.
അത്തരം പ്രചാരണങ്ങള്‍ ശരിയല്ല. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും അതേപ്രകാരം സമസ്തയുടെ പ്രവര്‍ത്തകരെല്ലാം ഉള്‍ക്കൊള്ളുമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."