അടിക്കടിയുള്ള സ്ഥലംമാറ്റത്തില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജീവനൊടുക്കി
പുനലൂര്‍(കൊല്ലം): അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റത്തില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജീവനൊടുക്കി. ഇടമണ്‍ ആയിരനെല്ലൂര്‍ പട്ടയകുപ്പില് നിഷാനാ മന്‍സിലില്‍ നാസറുദ്ദീനാ(54)ണ് മരിച്ചത്. ഇന്നലെ രാവിലെ ഇടമണ്‍ 34 അയിരനല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന താല്‍ക്കാലിക ഷെഡില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പുനലൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറായിരുന്ന നാസറുദ്ദീനെ മൂന്നുമാസം മുന്‍പ് കണ്ണൂര്‍ പയ്യന്നൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. അവിടെ ജോലി നോക്കുന്നതിനിടെയാണ് വീണ്ടും പത്തനംതിട്ട ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയത്.
പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത നാസറുദ്ദീന്‍ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. ബുധനാഴ്ച രാത്രിയില്‍ പുനലൂര്‍ വരെ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പുനലൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ എ.ടി.ഒ അജീഷ്കുമാറിനെതിരേ പരാമര്‍ശമുള്ളതായി പറയുന്നു. ഭാര്യ: ലൈലാബീവി. മകന്:നിയാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."