ജാലിയന്‍ വാലാബാഗ്: ചോര ചിന്തിയ ഓര്‍മകള്‍ നൂറാം വയസിലേക്ക്
അമൃത്‌സര്‍: രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തിന് വീറും വാശിയും നല്‍കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഓര്‍മകള്‍ നൂറാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഉദ്ദം സിങ്ങിന്റെ ചിതാഭസ്മം ജ്വലിക്കുന്ന ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നു.
1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാ ബാഗ് മൈതാനിയില്‍ നടന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ പൈശാചികമായ വെടിവയ്പ്പില്‍ ആയിരങ്ങളാണ് മാതൃഭൂമിക്കുവേണ്ടി ജീവന്‍വെടിഞ്ഞത്. സമാധാനപരമായി സമ്മേളിച്ച ജനത്തിനുനേരെ പ്രകോപനമില്ലാതെ പട്ടാളം വെടിയുതിര്‍ക്കുകയായിരുന്നു. ബ്രിഗേഡിയര്‍ ജനറല്‍ റജിനോള്‍ഡ് ഡയറിന്റെ മനുഷ്യത്വരഹിതമായ ആ നടപടി സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍പോലും സംഭവത്തെ മൃഗീയമെന്ന് അപലപിച്ചെങ്കിലും ജനറല്‍ ഡയര്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെയാണ് മരണംവരെ ജീവിച്ചത്. പുറത്തേക്ക് കടക്കാന്‍ ഒരുവഴി മാത്രമുള്ള മൈതാനിക്കകത്ത് കുടുക്കിയിട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ ജനക്കൂട്ടത്തെ വെടിവച്ചത്. മരണപ്പാച്ചിലിനിടെ പലരും മൈതാനിക്കകത്തെ കിണറ്റില്‍ വീണു. സ്വതന്ത്ര്യസമര നേതാക്കളായ ഡോ.സത്യപാല്‍, സെയ്ഫുദ്ദിന്‍ കിച്ച്‌ലു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 120 മൃതദേഹങ്ങളാണ് കിണറ്റില്‍നിന്ന് മാത്രം കണ്ടെടുത്തത്. റൗലറ്റ് ആക്ടിനെതിരേ സമരം നടത്തിയവരെ വെടിവച്ച പൊലിസ് നടപടിക്കെതിരേ പ്രതിഷേധിച്ച് പ്രാര്‍ഥനാ സംഗമത്തില്‍ ഒത്തുകൂടിയവരായിരുന്നു അവര്‍. ജനറല്‍ ഡയറിന്റെ ഇന്ത്യാവിരുദ്ധ മാനസികാവസ്ഥയുടെ ഉദാഹരണമായാണ് ചരിത്രം ഇതിനെ വിലയിരുത്തിയത്. സംഭവത്തില്‍ 379 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മരിച്ചവരുടെ ബന്ധുക്കള്‍ അന്വഷണ കമ്മിഷനു മുമ്പിലെത്തി വിവരം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ലഭിച്ച കണക്കാണിത്. നിയമനടപടികള്‍ ഭയന്ന് പലരും വിവരം നല്‍കാതിരുന്നതുകൊണ്ടാണ് ഔദ്യോഗിക രേഖകളില്‍ എണ്ണം ചെറുതായത്. ആയിരത്തിലധികംപേര്‍ കൊല്ലപ്പെടുകയും അതിലേറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് പ്രദേശവാസികളുടെയും ഇന്നുമുള്ള വിശ്വാസം. പഞ്ചാബിലെ ലഫ്. ജനറലായിരുന്ന മേക്കിള്‍ ഐ ഡയറാണ് യഥാര്‍ഥ കുറ്റവാളിയെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നെങ്കിലും ജനറല്‍ ഡയറാണ് കുറ്റവാളിയെന്ന നിലയില്‍ കുപ്രസിദ്ധനായത്.
മൃഗീയമായ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ ഉദ്ദം സിങ് എന്ന ചെറുപ്പക്കാരന്‍ പ്രതികാരംചെയ്ത സംഭവം കേണല്‍ ഡയറിന്റെ കൈകളിലെ ചോരക്കറയെ അടയാളപ്പെടുത്തുന്നു. ലണ്ടനിലെ ഒരു മീറ്റിങ്ങിനിടെ 1940 മാര്‍ച്ച് 13 നായിരുന്നു കേണല്‍ ഡയലിനെ ഉദ്ദം സിങ്ങ് വെടിവച്ചുകൊന്നത്. ജനറല്‍ ഡയര്‍ മസ്തിഷ്‌കാഘാത്തെ തുടര്‍ന്ന് 1927ലാണ് മരിച്ചത്. ഡയറിനെ കൊന്ന കുറ്റത്തിന് 1940 ജൂലൈ 31 ന് ഉദ്ദം സിങ് തൂക്കിലേറ്റപ്പെട്ടു. എന്നാല്‍, നാടിനു പ്രചോദനമാകാന്‍ തന്റെ ചിതാഭസ്മം സംസ്‌കരിക്കാതെ സൂക്ഷിച്ചുവയ്ക്കണമെന്ന് ആ ധീര ദേശാഭിമാനി ആവശ്യപ്പെട്ടിരുന്നു. സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ ജാലിയന്‍ വാലാബാഗ് മ്യൂസിയത്തില്‍ പോരാട്ടത്തിന്റെ ഇന്‍ങ്കുലാബ് മുഴക്കി ഉദ്ദംസിങ്ങിന്റെ അസ്ഥികള്‍ തലമുറകളെ ഇന്നും കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."