മികച്ച ട്രോമ പരിചരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനകേന്ദ്രം
തിരുവനന്തപുരം: ആരോഗ്യവകുപ്പു നടപ്പാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിനു തിരുവനന്തപുരത്ത് 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ മൂന്നുവര്‍ഷത്തെ നടത്തിപ്പു ചുമതല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്കു പരിശീലനം നല്‍കും. മൂന്നുവര്‍ഷത്തിനുശേഷം പരിശീലനം നല്‍കേണ്ടവരെ ടാറ്റ ട്രസ്റ്റ് സജ്ജരാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണു പരിശീലകേന്ദ്രം ആരംഭിക്കുക.
യു.കെ.യിലെ വാര്‍വിക് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹിയിലെ എയിംസ് എന്നിവയുമായി സഹകരിച്ചാണ് ഈ സംവിധാനം.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഒഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, മൂന്നു ലെവലിലുള്ള ട്രോമകെയര്‍ സംവിധാനം എന്നിവയുണ്ടാകും.
അത്യാധുനിക സംവിധാനങ്ങളുള്ള ലെവല്‍ ഒന്നില്‍ മെഡിക്കല്‍ കോളേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലെവല്‍ രണ്ടില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ലെവല്‍ 2, 3 സൗകര്യങ്ങളാണു സജ്ജമാക്കുന്നത്. ഹൈവേയുമായി ചേര്‍ന്ന ആശുപത്രികളെ ഉള്‍പ്പെടുത്തി ട്രോമകെയര്‍ സംവിധാനവും രൂപീകരിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ അപ്പക്‌സ് ട്രോമ & എമര്‍ജന്‍സി സെന്ററാക്കി മാറ്റും. ഇവിടത്തെ അത്യാഹിത വിഭാഗത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. കേന്ദ്ര ഫണ്ടുകൂടി ഇതിന് ഉപയോഗിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ട്രോമകെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍ ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍ ഹെല്‍ത്ത് ഇനിഷേറ്റീവ് ശ്രീനിവാസ്, ടാറ്റ ട്രസ്റ്റ് എന്‍.എം.ആര്‍.ഐ. ഡോ. ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."