പൊരുതി നേടി സണ്‍റൈസേഴ്സ്
മുംബൈ: ഐ.പി.എല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് അവരെ ഒറ്റ വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ഹൈദരാബാദ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
ശിഖര്‍ ധവാന് (45), വൃദ്ധിമാന്‍ സാഹ (22) എന്നിവര്‍ മികച്ച തുടക്കം നല്കി. പിന്നീട് തകര്‍ച്ചയെ നേരിട്ട ഹൈദരാബാദിനെ ദീപക് ഹൂഡ (പുറത്താകാതെ 25 പന്തില്‍ 32)യുടെ അവസരോചിത ബാറ്റിങാണ് രക്ഷിച്ചത്. അവസാന ഘട്ടത്തില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി മുസ്തഫിസുര്‍ റഹ്മാന് അവരെ ഞെട്ടിച്ചെങ്കിലും വിജയം കൈവിടാതെ ഹൈദരാബാദ് കാത്തു. മുംബൈ നിരയില്‍ പുതുമുഖ താരം മയാങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. മുസ്താഫിസുര്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതു.
നേരത്തെ ടോസ് നേടി ഹൈദരാബാദ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. എവിന്‍ ലൂയിസ് (29), 28 റണ്‍സ് വീതമെടുത്ത സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ് എന്നിവരുടെ അവസരോചിത ബാറ്റിങ് മികവിലാണ് അവര്‍ പൊരുതാവുന്ന സ്കോറിലെത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് മുംബൈയുടെ ബാറ്റിങിനെ ബാധിച്ചു. രണ്ട് വീതം വിക്കറ്റുകളെടുത്ത സന്ദീപ് ശര്‍മ, സ്റ്റാന്‍ലേക്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഹൈദരാബാദിനായി ബൗളിങില്‍ തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."