ആശാന്‍ സ്മാരകത്തില്‍ അവധിക്കാല പഠനോത്സവം ആരംഭിച്ചു
തിരുവനന്തപുരം: തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക സ്ഥാപനത്തിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനോത്സവം ആരംഭിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി.ദീപക് ഉദ്ഘാടനം ചെയ്തു. ആശാന്‍ സ്മാരകം സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
നാടകാചാര്യന്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍ മുഖ്യ അതിഥി ആയിരുന്നു. ആശാന്‍ സ്മാരകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.സലിം കുമാര്‍ സ്വാഗതം ആശംസിച്ചു.
ആദ്യദിവസം വട്ടപ്പറമ്പില്‍ പീതാംബരന്‍ കുട്ടികളോടൊപ്പം ആടിയും പാടിയും രസകരമായ കളികളിലൂടെ ജീവിത മൂല്യങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു. ഉച്ചക്ക് ശേഷം അധ്യാപകനും ഗാന്ധിയന്‍ പ്രവര്‍ത്തകനും ആയ ജെ.എം.റഹിം നാടകക്കളരിക്ക് നേതൃത്വം നല്‍കി. കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി പതിനഞ്ചു മിനിറ്റിനുള്ളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രമേയമാക്കി നാടകം ഉണ്ടാക്കി അവതരിപ്പിക്കാനുള്ള അവസരവും നല്‍കി. എല്ലാ ഗ്രൂപ്പും ഭംഗിയായി തന്നെ നാടകം അവതരിപ്പിച്ചു.
രണ്ടാം ദിവസം കളിയിലൂടെ വ്യക്തിത്വ വികസനം എന്ന വിഷയത്തില്‍ പ്രമുഖ പരിശീലകരായ അനീഷ് കൈരളി ,അരുണ്‍ ആസാദ് ക്ലാസ് നയിച്ചു. രസകരങ്ങളായ ,ബുദ്ധി വികാസകളികളിലൂടെ കുട്ടികളില്‍ ശ്രദ്ധയും പരിസര പഠനവും സഹകരണ ശേഷിയും വികസിപ്പിക്കുന്നതായിരുന്നു കളികള്‍ .
മൂന്നാം ദിവസം നാടക പ്രവര്‍ത്തകന്‍ സതീഷ് വെഞ്ഞാറമൂട് നയിച്ച സാഹിത്യ നാടക ശില്‍പ്പശാല ശ്രദ്ധേയമായിരുന്നു. കഥാ കവിതാ രചനാ ശേഷി , നാടക പരിശീലനം ,ചോദ്യം ചോദിക്കല്‍ പരിശീലനം എന്നിവ ക്ലാസിന്റെ മുഖ്യ സവിശേഷതകളായിരുന്നു.
നാളെ രാവിലെ ക്യാംപിലെ കുട്ടികളുമായി സംവാദം നടത്താന്‍ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ ആശാന്‍ സ്മാരകത്തില്‍ എത്തും. ആശാന്‍ സ്മാരകം ചെയര്‍മാന്‍ പ്രൊഫ.വി മധുസൂദനന്‍ നായരും പങ്കെടുക്കും. തിരുവനന്തപുരം മലയാളം പള്ളിക്കൂടം വിദ്യാര്‍ഥികളും അവധിക്കാല പഠനോത്സവ ക്യാംപിലെ കുട്ടികളോടൊപ്പം സംവാദത്തില്‍ പങ്കെടുക്കും.
മെയ് പത്തു വരെ നടക്കുന്ന അവധിക്കാല പഠനോത്സവത്തില്‍ ഓരോ ദിവസവും വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖര്‍ കുട്ടികളോടൊപ്പം കളികള്‍ക്കും പഠനത്തിനും നേതൃത്വം നല്‍കാന്‍ എത്തും. നയന.വി.ബി ,അശ്വതി.എസ് ക്യാംപിനു നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."